നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കര്‍ണ്ണാടക സ്വദേശിനികള്‍ നാടണഞ്ഞു

ദമ്മാം: വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാടണഞ്ഞു. ദമ്മാമില്‍ മൂന്ന് വര്‍ഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ, സ്പോന്‍സര്‍ ഒരിയ്ക്കല്‍ പോലും നാട്ടില്‍ വെക്കേഷന് വിടാതെ കഠിന ജോലി ചെയ്യിച്ചു വരികയായിരുന്നു. സഹികെട്ട് ഒടുവില്‍ അവര്‍ ആ വീട് വിട്ട് ദമ്മാം വനിതാ വെല്‍ഫെയര്‍ സെന്ററില്‍ അഭയം തേടേണ്ടിവരുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് വീട്ടുജോലിക്കാരി വിസയിലെത്തിയ താജിലക്ക്‌, ആറുമാസമായി ശമ്ബളം ലഭിച്ചില്ല. ആകെ ദുരിതത്തിലായ അവര്‍ ശമ്ബളം തരാത്തതിനെതിരെ പ്രതിഷേധിച്ചിട്ടും സ്പോന്‍സര്‍ കൂസാക്കിയില്ല. തുടര്‍ന്ന് അവര്‍ ആ വീടുവിട്ടു വനിതാ അഭയകേന്ദ്രത്തില്‍ പോകുകയുമാണുണ്ടായത്. വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം സന്നദ്ധ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, രണ്ടുപേരുടെയും വിവരങ്ങള്‍ മനസ്സിലാക്കി കേസ് ഏറ്റെടുക്കുകയായിരുന്നു.

മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഒത്തുതീര്‍പ്പിനായി രണ്ടു പേരുടെയും സ്‌പോണ്‍സര്‍മാരെ വിളിച്ചു സംസാരിച്ചെങ്കിലും, അവര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‍ മഞ്ജു മണിക്കുട്ടന്‍ ഈ കേസുകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ജു രണ്ടുപേര്‍ക്കും ഇന്ത്യന്‍ എംബസിയില്‍ നിന്നും നാട്ടിലേക്കു പോകാന്‍ വേണ്ട ഔട്ട്‌പാസ്സ് ശരിയാക്കി നല്‍കുകയായിരുന്നു.

മഞ്ജുവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‍ വനിതാ അഭയകേന്ദ്രം അധികാരികള്‍ രണ്ടുപേര്‍ക്കും ഫൈനല്‍ എക്സിറ്റ് അടിച്ചു നല്‍കി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ഒരു മലയാളി സന്നദ്ധ പ്രവര്‍ത്തകന്‍ ഇവര്‍ക്ക് വേണ്ട വിമാനടിക്കറ്റ് നല്‍കിയത്. നിയമനടപടികള്‍ പൂര്‍ത്തിയായി രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *