അമ്മാന്: ജോര്‍ദാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 പേര് മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ചാവുകടലിലേക്ക് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന സ്കൂള്‍ ബസ് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും 14 വയസില്‍ താഴെയുള്ള സ്കൂള്‍ കുട്ടികളാണ്.
37 കുട്ടികളും ഏഴ് അദ്ധ്യാപകരുമാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജോര്‍ദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചാവുകടല്‍. എന്നാല്‍ എപ്പോഴും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ് ഇവിടം.
