കൊച്ചി: ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസില്‍ തുടര്‍ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മാണി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മാണിയുടെ നീക്കം. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വി.എസിന്റെ ഹര്‍ജി. പൊതു പ്രവര്‍ത്തകര്‍ക്ക് എതിരെ തുടര്‍അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമം ഈ കേസില്‍ ബാധകമല്ലെന്ന് വി.എസിന്റെ വാദം.
നേരത്തെ, മാണിയെ കുറ്റവിമുക്തനാക്കി കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം.
