ന്യൂഡല്‍ഹി: യഥാര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ആരാണ്? ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉത്തരം തേടുന്നത് ഈ ചോദ്യത്തിനാണ്.
പിണറായി സര്‍ക്കാറിനെ വലിച്ച് താഴെ ഇടുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പും അതിന് മുഖ്യമന്ത്രി പിണറായി നല്‍കിയ മറുപടിയുമാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
ബംഗാളും ത്രിപുരയും കൈവിട്ടെങ്കിലും സംഘപരിവാറിനോടുള്ള നിലപാടില്‍ ഒരിഞ്ചു പോലും വിട്ടു നല്‍കാതെ ശക്തമായി എതിരിടുന്ന കേരളത്തിലെ സി.പി.എമ്മും മുഖ്യമന്ത്രിയും ഇവര്‍ക്കിടയില്‍ അത്ഭുതമാണ്.
ബംഗാള്‍ മുഖ്യമന്ത്രി സാക്ഷാല്‍ മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബി.ജെ.പിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിമാരാണെങ്കിലും നിലവില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പിണറായി വിജയനെ കേന്ദ്രീകരിച്ചു മാത്രമാണ്.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ആദ്യമായി ദേശീയ തലത്തില്‍ പിണറായി സര്‍ക്കാറിനെതിരെ കടുത്ത രാഷ്ട്രീയ നീക്കം സംഘപരിവാര്‍ നടത്തിയിരുന്നത്.
കേരളത്തിന് പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാലു കുത്തിക്കില്ലന്ന പ്രഖ്യാപനവും പ്രതിഷേധവും ദേശീയ മാധ്യമങ്ങളിലും ചൂടുള്ള ചര്‍ച്ചാ വിഷയമായി. കര്‍ണ്ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും ഉള്‍പ്പെടെ പിണറായിക്കെതിരെ കാവിപ്പട പ്രതിഷേധവുമുയര്‍ത്തി.
എന്നാല്‍ ഈ വെല്ലുവിളികള്‍ ശക്തമായപ്പോഴും നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രകള്‍.
തുടര്‍ന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദ്ദേശപ്രകാരം അമിത് ഷായും കേന്ദ്ര മന്ത്രിമാരും പാര്‍ട്ടി മുഖ്യമന്ത്രിമാരും പങ്കെടുത്ത ആക്രമണ വിരുദ്ധ ജാഥ കണ്ണൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ബി.ജെ.പി നടത്തുകയുണ്ടായി. ഇതിനു മറുപടി നല്‍കി സി.പി.എമ്മും നടത്തി മറ്റൊരു പ്രതിരോധ ജാഥ.
പിന്നീട് സര്‍വ്വകക്ഷി യോഗത്തിനു ശേഷം വലിയ തോതിലുള്ള ആക്രമണം ഉണ്ടായില്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ വീണ്ടും കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറുകയുണ്ടായി.
ഇതിനു ശേഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് ഒരു എയ്ഡഡ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത് തടയാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചതും ഏറെ വിവാദമായി.
നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംഘ പരിവാറിന്റെ മേധാവിയെ തടയാന്‍ കേരളത്തില്‍ നടന്ന നീക്കം ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ പോലും ശരിക്കും അമ്ബരപ്പിച്ചു കളഞ്ഞിരുന്നു. (പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും ചെയ്തു)
വിലക്ക് ലംഘിച്ച് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് പിണറായി സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതില്‍ പ്രകോപിതരായ സംഘപരിവാര്‍ നേതൃത്വം പിന്നീട് വീണ്ടും കേരളത്തില്‍ തന്നെ ആര്‍.എസ്.എസ് മേധാവിയെ കൊണ്ടു വന്ന് ദേശീയ പതാക ഉയര്‍ത്തിക്കുകയുണ്ടായി. ഇത്തവണ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ആയതിനാല്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടും അതിനെ നിയന്ത്രിക്കുന്ന നേതാക്കളോടും നിലപാട് കടുപ്പിച്ച് ഏതറ്റവും വരെ പോകാന്‍ മടിയില്ല എന്നത് തന്നെയാണ് പിണറായി സര്‍ക്കാറിന്റെ ഈ നടപടികളെ വിലയിരുത്തപ്പെടുന്നത്.
പ്രളയത്തില്‍ പിടയുന്ന കേരളത്തിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും വിദേശ സഹായം ലഭ്യമാക്കുന്നതിന് ‘പാര’ വെച്ചതിലും കടുത്ത രോഷത്തിലായ മുഖ്യമന്ത്രി തന്റെ സകല പ്രതിഷേധവും ശബരിമല വിഷയം വന്നതോടെ ബി.ജെ.പിയോട് തീര്‍ത്തിരിക്കുന്നതില്‍ അമ്ബരന്നിരിക്കുകയാണ് ദേശീയ നേതാക്കള്‍.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കും എന്നു വ്യക്തമാക്കിയ ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചു വരുന്നത്.
നിലക്കലും പമ്ബയിലും പന്തല്‍ കെട്ടി പതിനായിരങ്ങളെ അണിനിരത്തി തമിഴകത്തെ ജല്ലിക്കെട്ട് രൂപത്തില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമാകുന്ന പ്രതിഷേധ സമരം നടത്താനുള്ള സംഘപരിവാര്‍ നീക്കമാണ് പിണറായി പൊലീസ് പൊളിച്ചടക്കിയത്.
ദേശീയ മാധ്യമങ്ങള്‍ അടക്കം ആക്രമിക്കപ്പെടുമ്ബോള്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച് പൊലീസ് ആക്ഷന്‍ അനിവാര്യമെന്ന് മീഡിയയെ കൊണ്ട് തന്നെ പറയിപ്പിച്ച ശേഷമായിരുന്നു പൊലീസ് രൂക്ഷമായ ലാത്തിചാര്‍ജ് നടത്തിയത്.
ഈ പൊലീസ് നടപടിയാണ് ‘കളം’ പൊലീസിന്റെ കയ്യില്‍ എത്താന്‍ വഴി ഒരുക്കിയിരുന്നത്. പിന്നീട് ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കാന്‍ നടത്തിയ നീക്കം വിവാദമായപ്പോഴും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചു നിന്നു.
രഹന ഫാത്തിമ എന്ന യുവതി അടക്കമുള്ളവരെ പൊലീസ് ധരിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ധരിപ്പിച്ച് ഐ.ജി നേരിട്ട് മല കയറ്റിയ സംഭവത്തില്‍ മാത്രമാണ് സര്‍ക്കാറിന് വിരുദ്ധ അഭിപ്രായമുണ്ടായിരുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിശ്വാസി സമൂഹത്തിന് സുഗമമായ ദര്‍ശനത്തിന് മണ്ഡലകാലത്ത് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അക്രമികളെ നേരിടുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
നടപടിയുടെ മുന്നോടിയായി ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തതോടെ ബി.ജെ.പി ആര്‍.എസ്.എസ് ദേശീയ നേതൃത്വങ്ങള്‍ പിണറായിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് രംഗത്ത് വരാന്‍ നിര്‍ബന്ധിതമായി.
കണ്ണൂരില്‍ എത്തിയ അമിത് ഷാ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാറിനെ വലിച്ച് താഴെ ഇടുമെന്ന് പ്രഖ്യാപിക്കുകയും ചെയതു. ആര്‍.എസ്.എസ് ബി.ജെ.പി അണികള്‍ക്ക് അമിത് ഷായുടെ പ്രസംഗം ആവേശമായപ്പോള്‍ ഉടനെ വന്നു പിണറായിയുടെ വക മാസ് മറുപടി . . ഭീഷണി ഗുജറാത്തില്‍ മതിയെന്ന് . .
‘ഈ സര്‍ക്കാറിനെ വലിച്ച് താഴെ ഇടാനുള്ള തടി അമിത് ഷാക്ക് ഇല്ലന്നും’ രൂക്ഷമായ ഭാഷയില്‍ പിണറായി തുറന്നടിച്ചു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തിയുള്ള പ്രവര്‍ത്തകരില്‍ പോലും സംഘപരിവാര്‍ വിരുദ്ധ വികാരം ഉയര്‍ത്തുന്നതായിരുന്നു പിണറായിയുടെ പാലക്കാട്ടെ പ്രസംഗം. ഇത്രയും രൂക്ഷമായ രീതിയില്‍ മറ്റൊരു മുഖ്യമന്ത്രിയും രാഷ്ട്രിയ നേതാക്കളും ബി.ജെ.പിയെ കടന്നാക്രമിച്ചിട്ടില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ദേശീയ തലത്തില്‍ ബി.ജെ.പിയുടെ കരുത്തുറ്റ എതിരാളിയായി പിണറായി വിജയന്‍ മാറി കഴിഞ്ഞെന്നും ബി.ജെ.പി വിരുദ്ധ മുന്നണി സംവിധാനത്തില്‍ നിന്നും ഇനി പിണറായിയെയും സി.പി.എമ്മിനെയും മാറ്റി നിര്‍ത്താന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ലന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാലും പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് തിരിച്ചു വരാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പിണറായിയുടെയും സി.പി.എമ്മിന്റെയും നിലപാടിനു പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ബി.ജെ.പി നിലവിലെ സാഹചര്യത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചാലും ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് യു.ഡി.എഫില്‍ നിന്നും ഇടതുപക്ഷത്തേക്ക് വന്‍തോതില്‍ ഒഴുകാനാണ് സാധ്യതയെന്നാണ് അവരുടെ നിഗമനം.
