യുഎഇ പൊതുമാപ്പ് നീട്ടി

അബുദാബി∙ അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഡിസംബര്‍ ഒന്നുവരെയാണ് കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31, ബുധനാഴ്ച അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാലാവധി നീട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരുന്നു.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് റഖാന്‍ അല്‍ റാഷിദിയാണ് പൊതുമാപ്പ് നീട്ടിയ വിവരം അറിയിച്ചത്. പൊതുമാപ്പുമായി ബന്ധപ്പെട്ട അപേഷ നല്‍കുന്നതിന് ചില കാലതാമസങ്ങള്‍ നേരിട്ടിരുന്നുവെന്നു പറഞ്ഞ അദ്ദേഹം ചില സാങ്കേതിക തടസങ്ങളും ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി. ഇത് കണക്കെിലെടുത്താണ് കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചത്.

ഇന്ത്യ അടക്കം വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകള്‍ ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടിരുന്നു.രേഖകള്‍ ശരിപ്പെടുത്തി ഇവിടെ തന്നെ തുടരുന്നവരും ഏറെയാണ്. പുതിയ വീസ കണ്ടെത്താന്‍ അധികൃതര്‍ അനുവദിച്ച ആറു മാസത്തെ താല്‍ക്കാലിക വീസ നേടിയവരില്‍ മലയാളികളും ഏറെയുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ കൂടുതലുമെന്നാണ് വിവരം.

ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ കുറവായിരുന്നു. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടുപോകാന്‍ മുന്നോട്ടുവന്നവരുടെ പിഴ എത്ര വലുതാണെങ്കിലും അധികൃതര്‍ എഴുതി തള്ളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തില്‍ യുഎഇ എഴുതിത്തള്ളിയത്. ജയില്‍ ശിക്ഷ കൂടാതെ തന്നെ രാജ്യം വിടാനും അവസരം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *