കാസര്‍കോട്: സ്വത്ത് കൈക്കലാക്കാന്‍ കാമുകന് തയ്യാറാക്കിയ തിരക്കഥയില്‍ ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ യുവതി പിടിയിലാകുന്നത് ആറു വര്‍ഷത്തിന് ശേഷം. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബെവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ (36) തിരോധാന കേസിലാണ് ദുരൂഹത മറനീക്കിയത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.വി സക്കീന (35), കാമുകന് വസ്തുവില്പന ഇടപാടുകാരന് കളനാട് അരമങ്ങാനം താമസിക്കുന്ന ആലിനടുക്കം വീട്ടിലെ എന്‍.എ ഉമ്മര്‍ (41) എന്നിവരാണ് പിടിയിലായത്.
2012 ആഗസ്റ്റ് 21നാണ് മുഹമ്മദ് കുഞ്ഞിയെ കാണാതായത് സംബന്ധിച്ച പരാതി പൊലീസില്‍ ലഭിക്കുന്നത്. ഇയാളുടെ ബന്ധുവായ ഷാഫിയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നിട്ടും വിവരമൊന്നും ലഭിക്കാതായപ്പോള്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ് ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരം ഡി.സി.ആര്.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തോടെയാണ് കേസ് തെളിഞ്ഞത്.
കോടികളുടെ സ്വത്തുക്കള്ക്കുടമയായിരുന്നു മുഹമ്മദ് കുഞ്ഞി. പക്ഷേ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നത് ഇയാളെ അലട്ടിയിരുന്നു. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നാണ് സക്കീനയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ അസുഖം യുവതിയെയും അസ്വസ്ഥയാക്കി. ഇതിനിടയിലാണ് ഇവരുടെ വീട്ടിനടുത്തുതന്നെയുള്ള വസ്തുവില്പന ഇടനിലക്കാരന് എന്‍.എ ഉമ്മര്‍ ഈ വീടുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യമേറിയപ്പോള് മുഹമ്മദ്കുഞ്ഞിയെ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുന്നതിന് സക്കീനയോടൊപ്പം ഉമ്മര്‍ പോയി തുടങ്ങി. ക്രമേണ സക്കീനയോട് അടുത്തു. പിന്നീട് കോടികള്‍ വിലവരുന്ന മുഹമ്മദ് കുഞ്ഞിയുടെ മൂന്ന് വസ്തുക്കള്‍ ഇരുവരും ചേര്‍ന്ന് വില്പന നടത്തി പണം തട്ടിയെടുത്തു.
ഉമ്മറുമായുള്ള സക്കീനയുടെ ബന്ധം ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ ഭര്‍ത്താവുമായി ബേവിഞ്ചയിലെ വാടക വീട്ടിലേക്ക് സക്കീന താമസം മാറി. സ്വത്തുക്കള്‍ വില്പന നടത്തി പണം തട്ടിയെടുത്ത കാര്യം മുഹമ്മദ്കുഞ്ഞി തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തു. ഇതാണ് മുഹമ്മദ്കുഞ്ഞിയെ കൊലപ്പെടുത്താന്‍ കാരണമായത്.
ഉമ്മര്‍ സക്കീനയ്ക്ക് അതിരഹസ്യമായി ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൃത്യം നടപ്പാക്കി. ഒരുദിവസം രാത്രിയില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി ജനല്‍കമ്ബിയില്‍ വലിച്ചുകെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ വീട്ടില്‍ സൂക്ഷിച്ച മൃതദേഹം 300 മീറ്റര്‍ മാത്രം അകലെയുള്ള പുഴയില്‍ തള്ളി.
അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം തളങ്കര കബര്‍സ്ഥാനില്‍ അടക്കംചെയ്തതായി പറഞ്ഞുവെങ്കിലും ഇതുള്‍പ്പെടെ യുവതിയുടെ മൊഴി കളവാണെന്ന് മനസിലാക്കി അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
സ്വന്തം മൊഴി കുരുക്കായി
ഗൃഹനാഥന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിച്ചതോടെ. മുഹമ്മദ് കുഞ്ഞിയെ കാണാതായതിന് ശേഷം ഭാര്യയായ സക്കീന പരാതി നല്‍കാതിരുന്നതും താമസ സ്ഥലം മാറികൊണ്ടിരുന്നതും ഒന്നിലധികം പുരുഷന്മാരെ കൊണ്ടുനടന്ന് ഭര്‍ത്താവാണെന്ന് പരിചയപ്പെടുത്തിയതും അന്വേഷണത്തില്‍ സംശയത്തിനിടയാക്കി. അറസ്റ്റിലായ ഉമ്മര്‍ പെണ്‍വാണിഭ കേസിലും കവര്‍ച്ചാ കേസിലും പ്രതിയാണ്. ഒരു കേസില്‍ ജയിലില്‍ കിടന്നശേഷം പുറത്തിറിങ്ങിയതാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
