ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച് പൊലീസ് വലയത്തിലാക്കും. ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ അയ്യപ്പഭക്തരെ നിലയ്ക്കലില്‍ പരിശോധിച്ച ശേഷമേ പമ്ബയിലേക്കും സന്നിധാനത്തേക്കും വിടൂ.
വടശേരിക്കര, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഐ.ജിമാര്‍, അഞ്ച് എസ്.പിമാര്‍, 10 ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചാണ് നടപടികള്‍.
ശബരിമലയിലേക്കുള്ള എല്ലാ പാതകളിലും കര്‍ശന വാഹന പരിശോധന ഇന്നു മുതല്‍ നട അടയ്ക്കുന്ന ആറാം തീയതി വരെയുണ്ടാകും. പൂങ്കാവനത്തിലും പമ്ബയില്‍ നിന്നുള്ള കാനന പാതയിലും ആയുധങ്ങളും ബോംബും കണ്ടെത്താനുള്ള പരിശോധനയുമുണ്ടാകും. പ്ളാപ്പള്ളി മുതല്‍ പമ്ബ വരെ പൊലീസ് സദാ പട്രോളിംഗ് നടത്തും.
ഭക്തരല്ലാത്തവരെ പമ്ബയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. ഇരുമുടിക്കെട്ടില്ലാതെ തൊഴാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.
മാദ്ധ്യമ പ്രവര്‍ത്തകരെ തിങ്കളാഴ്ച രാവിലെ എട്ടു മുതലാണ് നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുന്നത്.
ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനം നടത്താന്‍ ഇന്നലെ വരെ യുവതികളാരും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. നാല് യുവതികള്‍ ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ പൊലീസിനെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചത്. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ എല്ലാ സുരക്ഷയും നല്‍കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
