ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ പോലെയാണെന്ന പരാമര്‍ശം ഉന്നയിച്ച ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ് ഉയര്‍ന്നിട്ടും മോദിക്കെതിരായ തരൂരിന്റെ വിമര്‍ശനം അവസാനിക്കുന്നില്ല. വാളുയര്‍ത്തിപ്പിടിച്ച് വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദിയെന്നാണ് തൂരിന്റെ പുതിയ പരിഹാസം.
മോദിയുടേത് ഏകാംഗ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവരെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ ഒരു കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും തരൂര്‍ വിമര്‍ശിച്ചു. ഫയലുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ മറ്റ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ തരൂര്‍, പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കണമെന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
