കോട്ടയം: ശബരിമലയില്‍ തുലാമാസ പൂജയോട് അനുബന്ധിച്ച് പ്രവേശനത്തിന് എത്തിയ യുവതികളെ തടഞ്ഞത് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തിലെന്ന് ഭാരവാഹികള്‍. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതി നട തുറക്കുമ്ബോള്‍ ശബരിമലയില്‍ ഹിന്ദു പാര്‍ലമെന്റ് ആരെയും തടയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ആദ്യഘട്ട സമരം വിജയിച്ചതിന്റെ അവകാശം ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
നായാടി മുതല്‍ നമ്ബൂതിരി വരെയുള്ള 108 ഹൈന്ദവ സമുദായങ്ങളുടെ സംയുക്ത വേദിയായ ഹിന്ദു പാര്‍ലെന്റ് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമാധാനപരമായ സമരവുമായാണ് രംഗത്ത് വന്നിട്ടുള്ളതെന്നും ഇതിന്റെ ഫലമായാണ് ഒക്ടോബറില്‍ നട തുറന്നപ്പോള്‍ യുവതി പ്രവേശനം നടക്കാതിരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ തങ്ങളുടെ നേതൃ നിരയിലുള്ള 18 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള ചിലരുടെ പേരുകളാണ് പരാമര്‍ശിക്കപ്പെട്ടത്.
ഹിന്ദു പാര്‍ലമെന്റിന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൊലീസ് അകമ്ബടിയോടെ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതായും ഇവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 5ന് നട തുറക്കുമ്ബോള്‍ ആചാരസംരക്ഷണത്തിനായി ഹിന്ദു പര്‍ലമെന്റ് സന്നിധാനത്തേക്ക് ആളുകളെ അയയ്ക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
റിവ്യൂ ഹര്‍ജി പരിഗണിച്ച ശേഷം സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ എന്‍എസ്‌എസുമായി ചേര്‍ന്ന് നമജപയജ്ഞം നടത്തും.
ചില തത്പര കക്ഷികളാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഇത്തരം നീക്കങ്ങളെ അപലപിക്കുന്നു. ചോര വീഴിക്കുന്നതടക്കമുള്ള ശ്രമങ്ങളില്‍ ഹിന്ദു പാര്‍ലമെന്റിന് പങ്കില്ല. സമുദായ സംഘടനകളുെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ സവര്‍ണ്ണ സമരമെന്നും സംഘപരിവാര്‍ സമരമെന്നും അവഹേളിക്കുന്നത് ശരിയല്ല. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നത് അംഗീകരിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ജന സെക്രട്ടറി സി പി സുഗതന്‍, ആത്മീയ സഭാ സെക്രട്ടറി ഡോ ഹരിനാരായണ സ്വാമി, മറ്റ് ഭാരവാഹികളായി ടി എ കൃഷ്ണന്‍കുട്ടി, കെ എസ് ഹരിദാസ്, പാറത്തോട് വിജയന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
