കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ പ്രതിക്കൂട്ടിലായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയെ തളയ്ക്കാനൊരുങ്ങി സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ കത്തികയറിയ ബിജെപിയെ അവസാന നിമിഷം പിറകോട്ടടിച്ച സന്തോഷത്തിലാണ് സര്‍ക്കാരും രാഷ്ട്രീയ എതിരാളികളും. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരന്‍പിള്ളക്കെതിരേ പരാതി ലഭിച്ചു കഴിഞ്ഞു.
നിലവില്‍ കോടതിയലക്ഷ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനെതിരേ കേസുണ്ട്. പുതിയ കേസും വരുന്നതോടെ സംസ്ഥാന അധ്യക്ഷന്‍ ശരിക്കും പ്രതിരോധത്തിലാകും. നന്മണ്ട സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢലോചന, കോടതി അലക്ഷ്യത്തിന് പ്രേരിപ്പിക്കല്‍, കലാപത്തിന് ആഹ്വാനം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ശ്രീധരന്‍പിള്ളക്കെതിരേ കേസടുക്കണമെന്നാണ് ആവശ്യം.
തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഗൂഢാലോചനയാണെന്നാണ് ഐഎന്‍എല്‍ ആരോപണം.
അതേസമയം പലകോണുകളില്‍ നിന്നും എതിര്‍പ്പ് രുക്ഷമായതോടെ ബിജെപിയിലെ വിഭാഗീയതയും മറനീക്കി പുറത്തുവന്നു. യുവമോര്‍ച്ച നേതൃസംഗമത്തില്‍ നടത്തിയ പ്രസംഗം വിവാദമാക്കിയതില്‍ യുവമോര്‍ച്ചയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായാണ് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം.
വിവാദ പ്രസംഗം നേരത്തെതന്നെ ഒരു അച്ചടി മാധ്യമത്തില്‍ വന്നിരുന്നുവെങ്കിലും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നവരുടെ ആരോപണം. ബിജെപി അജന്‍ഡയില്‍ എല്ലാവരും വീണു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കി. ഇതിനൊപ്പം കേസ് കൂടി എടുക്കാനുള്ള സാഹചര്യം ഉണ്ടായതോടെ തല്‍ക്കാലത്തേക്കെങ്കിലും ശ്രീധരന്‍പിള്ളയ്ക്ക് തീവ്ര നിലപാടുകളില്‍ നിന്നും മാറി നില്‍ക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
അഭിഭാഷകനായതിനാല്‍ തന്നെ എല്ലാ നിയമവശങ്ങളും മനസിലാക്കി ഒരു ഭാഗത്ത് പാര്‍ട്ടിയെയും മറുഭാഗത്ത് സ്വന്തം കേസും നടത്തി കൊണ്ടുപേകേണ്ട അവസ്ഥയാണ് ശ്രീധരന്‍പിള്ളയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ശാന്തസ്വഭാവക്കാരനായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിനിടെ പ്രകോപിതനായതും.
നിലവിലെ വിവാദത്തില്‍ ഏറെ അസ്വസ്ഥനാണ് സംസ്ഥാന അധ്യക്ഷനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. പല പ്രമുഖരെയും വെട്ടി ആര്‍എസ്എസ് പിന്തുണയോടെ പാര്‍ട്ടി അധ്യക്ഷനായ ശ്രീധരന്‍പിള്ളയ്ക്ക് തിരിച്ചടി നല്‍കാനുള്ള സുവര്‍ണാവസരം ബിജെപിയിലെ മറുവിഭാഗം കൃത്യമായി ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അനുകൂലസാഹചര്യം സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇല്ലാതാക്കി എന്ന വികാരമാണ് ഇക്കൂട്ടര്‍ക്കുള്ളത്.
