മലപ്പുറം: മലപ്പുറം, താനൂര്‍, കൊണ്ടോട്ടി- ഏത് നിയമസഭാ തെരഞ്ഞെടുപ്പാകട്ടെ പച്ചപ്പതാക വിട്ടൊരു ജനവിധി ഈ മണ്ഡലങ്ങളില്ല. 2006ല്‍ മുസ്ലിം ലീഗിന്റെ സിംഹങ്ങളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പരാജയം രുചിച്ച തെരഞ്ഞെടുപ്പിലും ഈ മൂന്നു മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ലീഗിനെ വിട്ട് മാറിചിന്തിച്ചില്ല. സംസ്ഥാനത്ത് തന്നെ ഇത്തരം അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നത് കേവലം അഞ്ചു മണ്ഡലങ്ങളില്‍ മാത്രമാണ്. അതില്‍ മൂന്നും മലപ്പുറം ജില്ലയില്‍. ലീഗ് കോട്ടയായി നിലകൊള്ളുന്ന ഈ മണ്ഡലങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം പതിവു പോലെ ഇക്കുറിയും. ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തിലെ പ്രതിനിധിയായിരുന്നു. പിതാവിന്റെ ഓര്‍മകള്‍ നിറഞ്ഞ മണ്ഡലത്തില്‍ നിന്ന് മകന് എം കെ മുനീര്‍ രണ്ടു തവണ നിയമസഭയിലെത്തി. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് നിയമസഭയിലെത്തിയത് പി ഉബൈദുള്ളയായിരുന്നു. മണ്ഡലം മലപ്പുറം തന്നെ. 44,508 ആയിരുന്നു ഭൂരിപക്ഷം.
കൊണ്ടോട്ടിയിലും ഉറച്ച മണ്ഡലം ഇളക്കാന്‍ ഇക്കാലമായിട്ടും എതിര്കക്ഷികള്ക്കായിട്ടില്ല. ലീഗിലെ എം പി എം അഹമ്മദ് കുരിക്കളും സി എച്ച് മുഹമ്മദ് കോയയും നാലുതവണ സീതിഹാജിയും വന്‍ ഭൂരിപക്ഷത്തിനാണിവിടെ നിന്ന് സഭയിലെത്തിയത്. കഴിഞ്ഞ രണ്ടുതവണയായി കെ മുഹമ്മദുണ്ണി ഹാജിയാണ് കൊണ്ടോട്ടിയെ മികച്ച ഭൂരിപക്ഷം നേടി പ്രതിനിധീകരിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പ് അടക്കം നടന്ന മുഴുവന്‍ നിയമസഭാ പോരാട്ടങ്ങളിലും ലീഗിനെ കൈവിടാതെ നിന്ന ചരിത്രമാണ് താനൂരിനുള്ളത്. സി എച്ച് മുഹമ്മദ് കോയ രണ്ടും ഇ അഹമ്മദ് മൂന്നു തവണയുമാണിവിടെ നിന്ന് വിജയിച്ചത്. താനൂര്‍ എം എല്‍ എ ആയിരിക്കുമ്പോഴാണ് പി സീതി ഹാജി അന്തരിച്ചത്. നിലവിലെ എം എല്‍ എ അബ്ദുറഹിമാന് രണ്ടത്താണിയെ തന്നെയാണ് ഇക്കുറിയും ലീഗ് ഇവിടെ മത്സരിപ്പിക്കുന്നത്.
ലീഗിന്റെ തകരാത്ത കോട്ടകളെ കുറിച്ച് പറയുമ്പോള്‍ സി പി എമ്മിനും ആര്‍ക്കും തകര്‍ക്കാനാവാത്ത രണ്ടു കോട്ടകളുണ്ട്. പാലക്കാട് ജില്ലയിലെ മലമ്പുഴയും തൃക്കരിപ്പൂരും. 64ല്‍ രൂപീകരിച്ച മലമ്പുഴയില്‍ സി പി എമ്മിന് പരാജയം രുചിക്കേണ്ടി വന്നിട്ടില്ല. 80ല്‍ നായനാരെയും കഴിഞ്ഞ തവണ വി എസ് അച്യുതാനന്ദനെയും ജയിപ്പിച്ച മണ്ഡലമാണിത്. ഇക്കുറിയും വി എസ് മത്സരരംഗത്തുവന്നാല്‍ തെരഞ്ഞെടുക്കുക മലമ്പുഴ തന്നെയാണെന്നാണ് സൂചന. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കെ കുഞ്ഞിരാമനാണ് ജനപ്രതിനിധി ഇതും സി പി എമ്മിന്റെ ഇളകാത്ത കോട്ടയാണ്.
