ഇത്തവണ തില്ലങ്കേരിയില്ല, ശബരിമലയിലെ ആര്‍.എസ്.എസ് പ്രതിരോധം ഇങ്ങനെ

കോഴിക്കോട്: മണ്ഡല​ -മകരവിളക്ക് കാലത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാന്‍ ആര്‍.എസ്.എസ് നീക്കം. തെക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തില്‍ അമ്മമാരെയും ശബരിമലയിലെത്തിക്കും.

ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കര്‍മ്മസമിതി ജനറല്‍ സെക്രട്ടറി വത്സന്‍ തില്ലങ്കേരിയെ ഇത്തവണ സന്നിധാനത്തേക്ക് അയക്കില്ല. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആദ്യദിവസങ്ങളില്‍ സന്നിധാനത്തുണ്ടാക്കും.

 ചുമതല അഞ്ച് മുതിര്‍ന്ന നേതാക്കള്‍ക്ക്

ആര്‍.എസ്.എസിന്റെ തെക്കന്‍ മേഖലയിലെ അഞ്ച് വിഭാഗുകളുടെ ചുമതലയുള്ള പ്രചാരകന്‍മാരായിരിക്കും സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പ്രതിഷേധം ഏകോപിപ്പിക്കുക. കൂടാതെ മ​റ്റൊരു പ്രചാരകനെ പത്തനംതിട്ട ജില്ലയിലും നിയോഗിക്കും.

 കഴിഞ്ഞ തവണ എത്തിയത് ഇരട്ടിപേര്‍

ചിത്തിര ആട്ടവിശേഷത്തിന് 5000 പേരെ സന്നിധാനത്തെത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും 12,500 പേര്‍ സന്നിധാനത്തെത്തിയിട്ടുണ്ടെന്നാണ് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്. ഇത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. മണ്ഡല​ മകരവിളക്ക് കാലത്ത് കേരളത്തിലെ തങ്ങളുടെ മുഴുവന്‍ ശക്തിയും പ്രയോഗിക്കുന്നതിനൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെ എത്തിക്കാനും ആര്‍.എസ്.എസ് ശ്രമിക്കും. ഇതും പൊലീസിന് വെല്ലുവിളിയാകും.

ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനം ശബരിമലയില്‍ പൊലീസിന് കനത്തവെല്ലുവിളി ഉയര്‍ത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ആട്ടചിത്തിരക്ക് സന്നിധാനത്തെ അഞ്ച് സെക്ടറാക്കി തിരിച്ച്‌ പൊലീസ് വിന്യാസം നടത്തിയപ്പോള്‍ ആര്‍.എസ്.എസ് ഓരോ സെക്ടറിനെയും മൂന്നായി വിഭജിച്ച്‌ പൊലീസിന്റെ മൂന്നിരട്ടി കേഡര്‍മാരെ വിന്യസിച്ച്‌ പൊലീസിനെ ഞെട്ടിച്ചിരുന്നു. ഇതാണ് ഒരു സമയത്ത് നടപ്പന്തലിലുണ്ടായ സംഘര്‍ഷം കൈവിട്ട് പോകുമെന്ന് തോന്നിച്ച അവസരത്തില്‍ പൊലീസ് വത്സന്‍ തില്ലങ്കേരിയെ ആശ്രയിക്കാന്‍ കാരണമായതും.

Leave a Reply

Your email address will not be published. Required fields are marked *