തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പോകും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് ഉമ്മന്‍ ചാണ്ടിയും സംഘവും എത്തുന്നത്. തുടര്‍ന്നാവും യുഡിഎഫിന്‍റെ അടുത്ത നീക്കമുണ്ടാകുക.
ശബരിമലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ലംഘിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതേതുടര്‍ന്നാണ് നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആര്‍എസ്‌എസിനെയും ബിജെപിയെയും മഹത്വവത്കരിച്ച് അവര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗശേഷം കുറ്റപ്പെടുത്തി. പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം യോഗത്തില്‍ പങ്കെടുത്തു.
