എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചത്; ശാരദക്കുട്ടി ചോദിക്കുന്നു

കൊച്ചി: ശബരിമല വിഷയത്തില്‍ ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പൊലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശം ഉണ്ടായിരിക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. പൊലീസുകാരന്റെ മേക്കിട്ടു കേറുന്ന ഭാഷ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടുമെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊന്‍ രാധാകൃഷ്ണന്‍ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്.അദ്ദേഹത്തോട് ഒരു പോലീസുദ്യോഗസ്ഥന്‍ സാമാന്യ ത്തിലധികം വിനയം പുരണ്ട ഭാഷയില്‍ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാര്‍ക്കുമറിയാം. തെളിവായി വീഡിയോ ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടുതാനും.

ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പോലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തില്‍ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നില്‍ക്കുന്ന മന്ത്രിയല്ലാത്ത ‘വെറും ‘ രാധാകൃഷ് ണനെ നോക്കിയ നോട്ടത്തില്‍ നിന്നു വ്യക്തവുമാണ്.

എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നലറുന്ന ഒരു വിദ്വാനെ നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നേരിടുന്നതും അയാള്‍ ബന്ധം വിഛേദിച്ചിറങ്ങിപ്പോകുന്നതും കണ്ടു. പ്രോട്ടോക്കോള്‍ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികള്‍ക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം.

പ്രോട്ടോക്കോള്‍ നില്‍ക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കല്‍, സംസ്കാര സമ്ബന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പോലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് BJP പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളില്‍ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകള്‍ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്കാരിക വകുപ്പില്‍ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ ‘സംസ്ക്കാര’ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?

ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോര്‍ക്കണം. പോലീസോര്‍ക്കണം. ജനവും ഓര്‍ക്കണം. മീഡിയ വണ്‍ചാനല്‍ ചര്‍ച്ചക്കു വന്നിരിക്കുമ്ബോള്‍ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, ‘ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ’ എന്ന്. എന്നിട്ടും ചര്‍ച്ച തീരുന്നതു വരെ അവര്‍ വായടച്ചില്ല.

സുജന മര്യാദ, സംസ്കാരം, പരസ്പര ബഹുമാനം ഇ തൊക്കെ ഒരു ആന്തരിക ബലത്തില്‍ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങള്‍ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോല്‍പ്പിക്കാമെന്നു കരുതരുത്

Leave a Reply

Your email address will not be published. Required fields are marked *