മുംബയ് : കച്ചവടത്തില്‍ എതിരാളിയെ തകര്‍ക്കാന്‍ മുട്ടവില്പ്പനക്കാരന് മോഷ്ടിച്ചത് 1.41 ലക്ഷം മുട്ടകള്‍. അഞ്ചുലക്ഷം രൂപ വിലവരുന്ന 1.41 ലക്ഷം മുട്ടകള്‍ അടങ്ങിയ ട്രക്കാണ് പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. മുംബയ് ഗ്രീന്‍ സിറ്റിയില്‍ ഇന്ന് പുലര്‍ച്ചെ 3.15നാണ് സംഭവം. സംഭവത്തില്‍ ഒരാളെ താനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മോഷണത്തില്‍ പങ്കാളികളായ മറ്റുമൂന്നുപേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
മുട്ട വില്‍പ്പനക്കാരനാണ് പ്രതി . മുട്ട ബിസിനസിലെ എതിരാളിയുമായി കടുത്ത വിരോധത്തിലായിരുന്നു പ്രതി. തുടര്‍ന്നാണ് ലോഡുമായി പോകുന്ന എതിരാളിയുടെ ട്രക്ക് തട്ടിയെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി മൂന്ന് പേരെ സഹായത്തിന് കൂട്ടി. പുലര്‍ച്ചെ 3.15 ന് മുംബയിലെ ഗ്രീന്സിറ്റിയില് വച്ച് പ്രതികള്‍ ട്രക്കിന് കുറുകെ തങ്ങളുടെ കാര്‍ നിറുത്തി തടഞ്ഞു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ഷെയ്ക്കിനെ താഴെ ഇറക്കി മര്‍ദ്ദിച്ചു. കടയുടെ ഉടമസ്ഥന്റെ മകന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ ശേഷം തിത്ത്വാല എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് 1. 41 ലക്ഷം മുട്ടകളും ട്രക്കിലുണ്ടായിരുന്ന പണവും ഷെയ്ക്കിന്റെ മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.
ഷെയ്ക്ക് ഉടനേ തന്നെ ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. 1,16,000 മുട്ടകള്‍ പൊലീസ് കണ്ടെടുത്തു. ബാക്കി മുട്ടകള്‍ സംഘം വിറ്റതായി പൊലീസ് അറിയിച്ചു.
