പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ്. സുരേന്ദ്രന് അറസ്റ്റിലാകുന്പോള്‍ വാറണ്ട് നിലവിലില്ലെന്ന അഭിഭാഷകന് വാദം മുന്‍നിര്‍ത്തിയാണ് പോലീസ് നീക്കം. വാറണ്ട് 21ന് തന്നെ കൊട്ടാരക്കര സബ് ജയില്‍ സുപ്രണ്ടിന് ലഭിച്ചുവെന്നാണ് പോലീസ് വിശദീകരണം. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേ അധിക വാദം കേള്‍ക്കണമെന്ന് പോലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും.
നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപോധിച്ച കേസില്‍ സുരേന്ദ്രന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ മറ്റ് കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട സുരേന്ദ്രന് നിലവില്‍ റിമാന്‍ഡിലാണ്. ഈ കേസിലാണ് പത്തനംതിട്ട കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
