തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ഭ്രാന്തന്‍മാരെ മുന്നില്‍നിറുത്തി നവോത്ഥാന പൊറാട്ടുനാടകം കളിക്കുകയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന വിമര്‍ശനം ഉന്നയിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നു മനസിലാക്കാന്‍ മതേതര കേരളത്തിനു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമ്മുടെയൊക്കെ ഫെയ്സ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും നമ്മളെ ചോദ്യം ചെയ്തു കൊത്തിപ്പറിക്കാന്‍ ആര്‍ത്തലച്ചു വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാല്‍ അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജയന്‍ സി.പി. സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ടു നാടകം കളിക്കുമ്ബോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.
”ഹാദിയയെ തെരുവില്‍ ഭോഗിക്കണം”, “ഭരണഘടനയുടെ നീതിയല്ല, ധര്‍മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്”, “ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ” എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.
