കൊച്ചി: ഭാര്യയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഹരിപ്പാട് സ്വദേശി റിജിത്ത് (35) ആണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഭര്‍ത്താവും ഹരിപ്പാട് സ്വദേശിയായ സന്തോഷ്, സുഹൃത്ത് കാസിം എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇന്ന് രാവിലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഹരിപ്പാട് സ്വദേശി രേഷ്മയ്ക്കാണ് കുത്തേറ്റത്. കഴുത്തിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റ രേഷ്മയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്ബ് രേഷ്മ ജോലി ചെയ്യുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് സംഭവം. ആശുപത്രിയില്‍ നിന്നും വിളിച്ചിറക്കിയ ശേഷം തുരുതുരാ കുത്തുകയായിരുന്നു. ശേഷം സന്തോഷ് ഓടി മറഞ്ഞു. പിന്നീട് കാസിമിന്റെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
കഴുത്തിലും വയറ്റിലും അഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് പോയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം രണ്ട് വര്‍ഷം മുമ്ബാണ് രേഷ്മയും സന്തോഷും വിവാഹിതരായത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതോടെ രേഷ്മ വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചു. ഇതില്‍ ക്ഷുഭിതനായ സന്തോഷ് രേഷ്മയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാത ശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
കൊച്ചി സിറ്റി അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ചേരാനല്ലൂര്‍ എസ്.ഐ കെ.ആര് രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
