ജിദ്ദ: തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതില്‍ മുസ്ലിം ലീഗിന് വിമുഖതയില്ലെന്ന് പാര്‍ട്ടി നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍.പക്ഷെ,ഒരു കണ്ടീഷന്‍; സുരക്ഷിതമായ മറ്റൊരു സീറ്റ് മുസ്ലിം ലീഗിന് കിട്ടണം.സൗദി സന്ദര്‍ശനം നടത്തുന്ന ഇ.ടി. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തിരുവമ്പാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്തെല്ലാം ഭിന്നതകളുണ്ടായാലും മുസ്ലിം ലീഗ് ഇവിടെ വിജയിക്കും.മലയോര വികസന സമിതിയുമായി മുസ്ലിം ലീഗിന് ഭിന്നതകളൊന്നുമില്ല. അവരുമായി ചര്‍ച്ചക്ക് തയ്യാറാണ്.സമവായത്തിന്റെ ഭാഗമായി ലീഗിന് മറ്റൊരു ഉറച്ച സീറ്റ് നല്‍കിയാല്‍ തിരുവമ്പാടി വിട്ടുകൊടുക്കാനും മുസ്ലിം ലീഗ് തയ്യാറാണ്. ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കൊടുവള്ളി സീറ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ മുസ്ലിം ലീഗിനെ അലട്ടുന്നില്ല.വിമതനായി മുന്നോട്ടു വന്നിട്ടുള്ളയാള്‍ മുമ്പും വിതമനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊന്നും കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ്കുട്ടി, റിയാദ് കെ.എം.സി.സി. പ്രസിഡന്റ് അഷറഫ് വേങ്ങാട്ട്,ഇബ്രീഹം മുഹമ്മദ്,അബൂബക്കര്‍ അരിമ്പ്ര, സി.കെ.ഷാക്കിര്‍,കെ.വി.എ.ഗഫൂര്‍ എന്നിവരും സംബന്ധിച്ചു.
