സിഡ്നി: വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന് കവാജയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കവാജയുടെ സഹോദരന് അര്സലാന് കവാജയാണ് അറസ്റ്റിലായത്. 39 വയസുകാരനായ അര്സലാന് പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നാണ് പിടിയിലായത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.
സഹപ്രവര്‍ത്തകനും ശ്രീലങ്കന്‍ വംശജനുമായ മുഹമ്മദ് കമീര്‍ നിലര് നിസാമുദീനും കവാജയുടെ സഹോദരനും തമ്മില്‍ ഒരു യുവതിയുടെ പേരില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് സംഭവത്തിന് കാരണം. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ മുഹമ്മദ് കമീര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്ബുള്ളിനെയും മുന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പിനെയും വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആക്രമണ പദ്ധതി വ്യക്തമാക്കുന്ന മുഹമ്മദ് കമീറിന്റെ പേരിലുള്ള നോട്ടുബുക്ക് പോലീസ് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശല കാന്പസില് നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് മുഹമ്മദ് കമീര്‍ നാലാഴ്ചയോളം ജയിലില്‍ കിടന്നു.
എന്നാല്‍ പോലീസിന് കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മുഹമ്മദ് ഒക്ടോബറില്‍ ജയിലിന് പുറത്തിറങ്ങി. നോട്ടുബുക്കിലുള്ള കൈയക്ഷരം മുഹമ്മദിന്റെ അല്ലെന്ന് തിരിച്ചറിഞ്ഞാണ് ഇയാള്‍ കുറ്റവിമുക്തനായത്. പിന്നാലെയാണ് നോട്ടുബുക്കിന് പിന്നിലെ ഗൂഢാലോചനക്കാരനെ തേടി പോലീസ് ഇറങ്ങിയത്.
25 വയസുകാരനായ മുഹമ്മദും അര്‍സലാനും ഒരു യുവതിയുടെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അര്സലാന് വ്യാജമായി ഉണ്ടാക്കിയ ആക്രമണ പദ്ധതിയായിരുന്നു നോട്ടുബുക്കിലുണ്ടായിരുന്നത്. മുഹമ്മദിനെ ബോധപൂര്‍വം കുടുക്കുക എന്ന ലക്ഷ്യത്തോടെ കവാജയുടെ സഹോദരന് സൃഷ്ടിച്ചതാണ് നോട്ടുബുക്കെന്നും പോലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.
ആറിന് അഡ്ലെയ്ഡില് തുടങ്ങുന്ന ടെസ്റ്റിന് മുന്നോടിയായി നെറ്റ് പ്രാക്ടീസ് നടത്തുന്പോഴാണ് ഉസ്മാന് കവാജ അറസ്റ്റ് വാര്‍ത്ത അറിയുന്നത്. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
