വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. വത്തിക്കാനില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വിളിച്ചുചേര്‍ക്കുന്ന സമിതിയ്ക്കു ശേഷമാണ് വിശുദ്ധ പദവി സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചത്.
മദറിനൊപ്പം മറ്റു നാലു പേര് കൂടി വിശുദ്ധ പദവിയില്‍ എത്തുന്നുണ്ട്. സെപ്തംബര്‍ നാലിന്, മദറിന്റെ ചരമവാര്‍ഷിക ദിനത്തിനു തലേന്നായിരിക്കും അവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വത്തിക്കാന്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പ്രഖ്യാപനത്തിന് മാര്‍പാപ്പ ഇന്ത്യയില്‍ വരുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും വത്തിക്കാന്‍ അത് നിഷേധിച്ചു. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന കൃതജ്ഞതാ ചടങ്ങിന് മാര്‍പാപ്പ എത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.
പോളണ്ട് സ്വദേശിയായ സ്തനിസ്ലാവൂസ്, അര്‍ജന്റീന സ്വദേശിയായ ജൂസേപ്പെ് ഗബ്രിയേലെ ദെല്‍ റൊസാരിയോ പ്രോചെറോ, സ്വീഡന് സ്വദേശിനിയായ മരി എലിസബേത്ത് ഹെസെല്‍ബാലാഡ്, മെസ്കിക്കോ സ്വദേശിയായ 14കാരന് ഹൊസെ സാഞ്ചെസ് ദെ റിയൊ എന്നിവരാണ് മദറിനൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപ്പെടുത്തത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു ആധാരമായ രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്‍ അംഗീകരിച്ചിരുന്നു. തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകള്‍ ഉണ്ടായിരുന്ന ബ്രസീല്‍ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥയിലുള്ള പ്രാര്‍ത്ഥനയിലൂടെ ഭേദമായി എന്ന സ്ഥിരീകരണമാണ് സഭ അംഗീകരിച്ചത്.
2003ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദറിന്റെ മരണത്തിനു ഒരു വര്‍ഷം തികയുന്ന സമയത്ത് മോണിക്ക ബെസ്റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ മദറിന്റെ മാധ്യസ്ഥതയില്‍ ഭേദപ്പെട്ട അത്ഭുതമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ അംഗീകരിച്ചത്. മരണാനന്തരം അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി. വത്തിക്കാന്റെ ചരിത്രത്തില്‍ അപൂര്‍വ്വമാണ് ഇത്രയും കുറഞ്ഞകാലം കൊണ്ട് ഒരാള്‍ വാഴ്ത്തപ്പെട്ട പദവിയില്‍ എത്തുന്നത്.
1979ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവ് കൂടിയാണ് മദര്‍. മിഷനറീസ് ഓഫ് ചാരിറ്റീസ് എന്ന സന്യാസ സഭ സ്ഥാപിച്ച് കൊല്‍ക്കൊത്തയിലെ ചേരികളില്‍ പാവപ്പെട്ടവരുടെയും രോഗികളുടെയും വൃദ്ധരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഈ അല്‍ബേനിയന്‍ മിഷിനറി കന്യാസ്ത്രീ പിന്നീട് അവരുടെ മദര്‍ തെരേസയായി മാറുകയായിരുന്നു.
