മലപ്പുറം: ലീഗിന്റെ തട്ടകവും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മണ്ഡലവുമായ മലപ്പുറത്ത് ബി.ജെ.പി മത്സരിപ്പിക്കുന്നത് ബാദുഷ തങ്ങളെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണു തങ്ങള്‍ കുടുബത്തിലെ ഒരംഗം ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നതോടെ മുസ്ലിംമത വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണു ബി ജെ പിയുടെ കണക്ക് കൂട്ടല്‍. മലപ്പുറത്ത് ഇത്തരമൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുമെന്നും ബി.ജെ.പി. കണക്കാക്കുന്നു. താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങള്‍ ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്കൂടിയാണ്. ബി.ജെ.പിയുമായി അടുത്തിട്ട് രണ്ട്വര്‍ഷത്തോളമായി. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍നിന്നും ജനകീയ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബാദുഷ തങ്ങള്‍ പിന്നീടാണ് ബി.ജെ.പിയിലേക്കു ചേക്കേറിയത്. ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതിനിധിയായി താനൂര്‍ പഞ്ചായത്തില്‍ മത്സരിച്ചു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ച കേരളാ വിമോചനയാത്രയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ബാദുഷ തങ്ങള്‍ അംഗമായിരുന്നു. മേല്‍ത്തട്ടിലെ നിര്‍ദേശം അംഗീകരിക്കുകയാണ് താന്‍ ചെയ്തതെന്നു സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ബാദുഷ തങ്ങള്‍ പറഞ്ഞു.
