പെരിന്തല്‍മണ്ണ: കാറിന്റെ പ്രത്യേക അറയില്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്നത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പണം. പാലക്കാട് വഴി കടത്തികൊണ്ടു വന്ന പണക്കെട്ടുകളുമായി രണ്ടു പേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു കാര്‍ മാര്‍ഗം കടത്തുകയായിരുന്ന ഒരു കോടി പത്തൊമ്പതു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയുമായാണ് പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം മുഹമ്മദ് നവാസ് (26), പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം അബ്ദുള്‍ റഷീദ് (35) എന്നിവരെയാണ് പെരിന്തല്‍മണ്ണ തൂതയില്‍ വച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. വിജയന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പണംകടത്താന്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ മുന്‍സീറ്റുകളുടെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ 1000, 500 രൂപയുടെ നോട്ടുകള്‍ ഭദ്രമായി അടുക്കിവച്ച നിലയിലായിരുന്നു. സാധാരണ വാഹന പരിശോധനയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്തവിധമാണ് കാറിനുള്ളില്‍ അറകള്‍ നിര്‍മിച്ചിരുന്നത്. സംസ്ഥാനത്തു വിവിധ ജില്ലകളില്‍ വേരോട്ടമുള്ള കുഴല്‍പ്പണ ഇടപാടുസംഘത്തിലെ കാരിയര്‍മാരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലാ അതിര്‍ത്തികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതനുസരിച്ച് പെരിന്തല്‍മണ്ണ തൂതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുഴല്‍പ്പണം സംഘം സഞ്ചരിച്ച വാഹനം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പി.എം. വര്‍ഗീസ്, സി.ഐ എ.എം. സിദീഖ് എന്നിവരുടെ കീഴിലുള്ള പെരിന്തല്‍മണ്ണ ഷാഡോ പോലീസ് പിടികൂടിയത്.
മാസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ ആഡംബര വാഹനങ്ങളില്‍ മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്ന ആറു കോടിയോളം രൂപയും 13 കിലോ സ്വര്‍ണവും രണ്ടു തവണകളിലായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം ഹവാല പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാന്‍ എല്ലാ വിധ നടപടിയും സ്വീകരിച്ചു കഴിഞ്ഞതായി ഡി.വൈ.എസ്.പി അറിയിച്ചു. എസ്.ഐ ജോബി തോമസ്, എ.എസ്.ഐ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, സി.പി. മുരളി, വിനോജ്, ബി. സജീവ്, ദിനേശന്‍, കൃഷ്ണകുമാര്‍, എന്‍.വി. ഷബീര്‍, അഭിലാഷ്, ടി. കുഞ്ഞയമു, ജയമണി, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് കുഴല്‍പ്പണ സംഘത്തെ പിടികൂടിയത്.
