അനാഥാലയങ്ങളുടെ ആശങ്ക അകറ്റണം

മലപ്പുറം:  ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ അനാഥാലയങ്ങള്‍ ബാലനീതി നിയമ പ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. 1960 ലെ ഓര്‍ഫനേജസ് ആന്‍ഡ് അദര്‍ ചാരിറ്റബ്ള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്ക് ബാലനീതി നിയമം ബാധമാക്കുന്നത് ആശങ്കയോടെയാണ് യതീംഖാന അന്തേവാസികളും മാനെജ്‌മെന്റുകളും കാണുന്നത്. യതീംഖാനകളുടെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുന്നതാണ് ബാലനീതി നിയമത്തിലെ ചില വ്യവസ്ഥകളെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങിനു ശേഷം കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി, അംഗം അഡ്വ.കെ.പി. മറിയുമ്മ എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അനാഥാലയ മാനെജ്‌മെന്റുകളുടെ പരാതി കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അനാഥാലയങ്ങള്‍, മറ്റ് ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സബ്‌സിഡി നിരക്കിലുള്ള പാചകവാതകം മതിയായ അളവില്‍ ലഭ്യമാകുന്നില്ലെന്ന പരാതിയില്‍ കോഴിക്കോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഏരിയാ മാനെജറോട് അടുത്ത സിറ്റിങില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വയനാട് ജില്ലയിലെ പൂക്കോടുള്ള കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയിലെ അസി.പ്രൊഫസര്‍ നിയമനത്തില്‍ സംവരണ ക്വാട്ട അട്ടിമറിച്ചതായുള്ള പരാതിയില്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാറും ഡീനും നേരില്‍ ഹാജരായി വിശദീകരണം നല്‍കണം.
പെരുമണ്ണ ക്ലാരിയില്‍ സ്വകാര്യ വ്യക്തി 28 വര്‍ഷമായി കൈവശം വെയ്ക്കുന്ന ഭൂമി പുറമ്പോക്ക് ഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ സൂമോട്ടോ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വൈദ്യുതി കണക്ഷന്‍ നിഷേധിക്കപ്പെട്ട കേസില്‍ പരാതിക്കാരന്റെ 2013 മുതലുള്ള നികുതി സ്വീകരിക്കാനും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിറ്റിങില്‍ 38 പരാതികള്‍ പരിഗണിച്ചതില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. പുതുതായി ഒന്‍പത് പരാതികള്‍ സ്വീകരിച്ചു. മെമ്പര്‍ സെക്രട്ടറി മോഹന്‍ലാലും സിറ്റിങില്‍ പങ്കെടുത്തു. മലപ്പുറത്ത് അടുത്ത സിറ്റിങ് ഏപ്രില്‍ 12 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *