രാഷ്ട്രീയതമാശകള്‍ നിറഞ്ഞ് ഷിഫ അല്‍ജസീറ പുരസ്‌കാരച്ചടങ്ങ്

മലപ്പുറം-നടന്‍ പത്മശ്രീ മമ്മൂട്ടിക്കും ഡോ.കെ.ടി.റബീഉള്ളക്കും ഇരുവശങ്ങളിലായി പി.കെ.കുഞ്ഞാലികുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇരുന്നപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരങ്ങള്‍ കൗതുകത്തോടെ നോക്കി. മലപ്പുറത്തെ സാാരണക്കാരായ ജനങ്ങള്‍ കണ്ട അപൂര്‍വ്വം കാഴ്ചകളിലൊന്നായിരുന്നു അത്. മലയാളത്തിന്റെ മഹാനടന്റെ സാന്നിധ്യം ജനങ്ങളെ ആവേശഭരിതരാക്കി; വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലുള്ള കുഞ്ഞാലികുട്ടിയും കോടിയേരിയും ഒരേ വേദിയിലെത്തിയത് അവരില്‍ കൗതുകമുണര്‍ത്തി. രാഷ്ട്രീയത്തിലെയും ചലചിത്രരംഗത്തെയും അതികായന്‍മാരെ കോര്‍ത്തിണക്കി പ്രവാസി വ്യവസായ സമൂഹത്തിന്റെ സാന്നിധ്യമായി പ്രമുഖ പ്രവാസി വ്യവസായി ഡോ.കെ.ടി.റബീഉള്ള ആതിഥേയനായി. ഗള്‍ഫ് നാടുകളിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ പുരസ്‌കാര വിതരണ ചടങ്ങ് വ്യത്യസ്തത പുലര്‍ത്തുന്നതായി.

വിവിധ ഖേലകളില്‍ മികവു പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഷിഫ അല്‍ജസീറ ഗ്രൂപ്പ് നല്‍കുന്ന പുരസ്‌കാര ദാനത്തിന്റെ പതിനാറാം എഡിഷനായിരുന്നു ഇന്നലെ മലപ്പുറം വടക്കേമണ്ണയിലെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്നത്. നടന്‍ മമ്മൂട്ടിയുടെ സാന്നധ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല.അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന ആശങ്കയിലാണ് ഇക്കാര്യം സംഘാടകര്‍ രഹസ്യമായി വച്ചത്. മാത്രമല്ല, മമ്മൂട്ടി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലപ്പുറത്ത് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ജനത്തിരക്ക് വര്‍ധിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്ന ആശങ്കയാണ് സംഘാടകര്‍ക്കുണ്ടായിരുന്നത്. എങ്കിലും,മമ്മൂട്ടി എത്തുന്ന വിവരം ലഭിച്ച് പലരും നേരത്തെ തന്നെ ഹാളില്‍ ഇടംപിടിച്ചിരുന്നു. മമ്മൂട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടന്‍ പശ്ചാത്തലത്തില്‍ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മ്യൂസിക് മുഴങ്ങി. ചുറ്റും ഹര്‍ഷാരവമായി.

ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി.കെ.കുഞ്ഞാലികുട്ടി രാഷ്ട്രീയ തമാശകള്‍ക്ക് തിരികൊളുത്തി. ഒട്ടേറെ പേര്‍ക്ക് സഹായം നല്‍കുന്ന ഒരു ചടങ്ങായതുകൊണ്ടാണ് താനും കോടിയേരിയും ഇവിടെ എത്തിയതെന്നും മറ്റെന്തെങ്കിലും ചടങ്ങിലാണ് ഞങ്ങളെ ഒന്നിച്ചു കണ്ടിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ എന്തൊക്കെ കഥകള്‍ മെനയുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു. കോടിയേരിയും ഞാനും രാഷ്ട്രീയത്തില്‍ ശത്രുക്കളാണ്. ഞങ്ങള്‍ ഒരേ കോളേജില്‍ രാഷ്ട്രീയം കളിച്ചു വളര്‍ന്നവരാണ്. രണ്ടു സംഘടനകളിലെന്നു മാത്രം. പല ജനകീയ പ്രശ്‌നങ്ങളിലും ഞങ്ങള്‍ക്ക് ഐക്യപ്പെടേണ്ടി വരും.അതും രാഷ്ട്രീയവും രണ്ടാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കോടിയേരിയെയും കൂട്ടരെയും ഇരുത്താന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. അവര്‍ ഒന്നു ഇരുന്നു തന്നാല്‍ പല ജനോപകാരപ്രദമായ ബില്ലുകളും പാസാക്കാനാകും. എന്നാല്‍ പ്രതിപക്ഷം ഇരിക്കില്ല. ഒടുവില്‍ പന്ത്രണ്ടു മണിവരെ ചര്‍ച്ചകള്‍ ചെയ്താണ് നിയമസഭയില്‍ നിന്നു പോന്നത്. കുഞ്ഞാലികുട്ടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കോടിയേരി ഇരുത്തിയൊന്നു മൂളി.

അടുത്ത ഊഴം കോടിയേരിയുടേതായിരുന്നു.രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഏറെ കടക്കാതിരുന്ന അദ്ദേഹം ഡോ.കെ.ടി.റബീഉള്ളയുടെ ചില മാജിക്കുകളെ കുറിച്ചാണ് ഏറെ പറഞ്ഞത്.റബീഉള്ളയെ കാണുമ്പോള്‍ കുഞ്ഞാലികുട്ടി വിചാരിക്കും ലീഗിന് ഒരാളെ കിട്ടിയെന്ന്. ഞാന്‍ റബീഉള്ളയെ കാണുമ്പോള്‍ വിചാരിക്കും നമുക്ക് പറ്റിയ ഒരാളെ കിട്ടിയെന്ന്. ഉമ്മന്‍ചാണ്ടി കാണുമ്പോള്‍ വിചാരിക്കും ഇദ്ദേഹം നമ്മുടെ ആളാണെന്ന്. അതാണ് റബൂഉള്ളയുടെ കഴിവ്. എല്ലാവരെയും ഒരേ രീതിയില്‍ കാണാനുള്ള സൗമനസ്യം അദ്ദേഹത്തിനുണ്ടെന്ന് കോടിയേരി പറഞ്ഞു. കോടിയേരിയുടെ വാക്കുകള്‍ക്ക് ലഭിച്ച കയ്യടിയുടെ അലയൊലികള്‍ മാറും മുമ്പെ മമ്മൂട്ടി മൈക്കിനു മുന്നിലെത്തി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരേ വേദിയിലെത്തി ഷിഫ അല്‍ ജസീറ ഗ്രൂപ്പ് അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായ വ്യവസായികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും എന്നാല്‍ സഹായങ്ങള്‍ അനര്‍ഹരിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് ഡോ.കെ.ടി.റബൂഉള്ള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കരിപ്പൂര്‍ വിമാനത്താവളം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത് മലബാറില്‍ നിന്നുള്ള പതിനായിര കണക്കിന് പ്രവാസികളെ ബാധിച്ചിട്ടുണ്ടെന്നും ഈ പ്രശ്‌നത്തിനും ഉടനെ പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രവാസികളുടെ വോട്ടവകാശം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുരസ്‌കാരങ്ങളുടെ വൈവിധ്യം കൊണ്ട് ഇത്തവണത്തെ ഷിഫ അല്‍ജസീറ അവാര്‍ഡ് ദാന ചടങ്ങ് വ്യത്യസ്തമായിരുന്നു. രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പി.ഉബൈദുള്ള എം.എല്‍.എ, മലപ്പുറം നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ,ഗള്‍ഫ് മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മികവിന്റെ പുരസ്‌കാരങ്ങള്‍ നല്‍കി. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ എ.സി.സ്ഥാപിക്കാന്‍ സഹായം,ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് റോഡ് നിര്‍മിക്കാനും പെന്‍ഷന്‍ നല്‍കാനും സഹായം, സ്‌കൂളുള്‍ക്ക് ബസുകള്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന പുരസ്‌കാരങ്ങളാണ് ഇത്തവണ നല്‍കിയത്. കൂടാതെ സഹായവിതരങ്ങളുടെ ഭാഗായി മലപ്പുറം കോഡൂരിലെ കുടുംബത്തിന് ബൈത്തുറഹ്മ ഭവനം നിര്‍മിച്ചു നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *