കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അക്രമം: എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മലപ്പുറം- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചെന്ന പരാതിയില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനികള്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നേരത്തെ നല്‍കിയ പരാതി രജിസ്ട്രാര്‍ വെള്ളിയാഴ്ച പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി. സൈക്കോളജി,ഫോക്‌ലോര്‍ പഠന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളായ രജീഷ്‌ലാല്‍,രജീഷ്,ഉണ്ണികൃഷ്ണന്‍,സാബിര്‍,സൗമിത്ത്,അജിനാസ്,വിഷ്ണു,അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍വ്വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നിമയനടപടികള്‍ക്ക് രജിസ്ട്രാര്‍ മുന്നോട്ടു വന്നത്.

മാസങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാലയിലെ ഹോസ്റ്റലുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. നടത്തിയ സമരത്തിനിടെയാണ് കായിക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്. വിദ്യാര്‍ഥിനികള്‍ക്ക് നേരെ കുരുമുളകു സ്േ്രപ അടിച്ച ശേഷം എട്ടു പേര്‍ ചേര്‍ന്ന് ആക്രമിച്ചതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥിനികള്‍ക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല യു.ജി.സിക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിി. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് യു ജി സിക്ക് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. ഈ മാസം ഏഴിനാണ് യു.ജി.സി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടാവശ്യപ്പെട്ടത്. എട്ടു ദിവസത്തിന് ശേഷമാണ് സര്‍വ്വകലാശാല റിപ്പോര്‍ട്ട് നല്കിയത്. ബൈക്കിലെത്തിയ വിദ്യാര്‍ഥികള്‍ ശരീരത്തിലേക്ക് പടക്കമെറിഞ്ഞെന്നുള്ള പരാതി ഗൗരവമുള്ളതാണെന്നും പോലീസ് അന്വേഷണം നടക്കുന്നുവെന്നും സര്‍വ്വകലാശാല ഡീന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിപ്പാര്‍ട്ടുമെന്റുകള്‍ വഴി വന്ന ഏഴു പരാതിയില്‍ സര്‍വ്വകലാശാല യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ കുറച്ചു നാളായി പ്രതിഷേധത്തിലാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം കാമ്പസില്‍ വിദ്യാര്‍ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. വിദ്യാര്‍ഥിനികളുടെ സുരക്ഷക്കാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി വെളിച്ചമില്ലാത്തിടത്ത് കൂടുതല്‍ ബള്‍ബുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കാമ്പസില്‍ പോലീസിനെ നിയമോഗിക്കുമെന്നും വി സി അറിയിച്ചു. അതിനിടെ,കാമ്പസില്‍ സുരക്ഷിതത്വമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നെന്നും കാണിച്ച് 500ലേറെ വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട പരാതി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *