മുംബയ്: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന സ്വാഗതം ചെയ്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ശിവസേനാ വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്ന ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണും. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ട്. നല്ല വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും അവര്‍ക്കുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ കുടുംബ വാഴ്ചയെന്ന് പറഞ്ഞ് ബി.ജെ.പി വിമര്‍ശിക്കുമ്ബോഴാണ് ശിവസേന പിന്തുണയ്ക്കുന്നത്. മുന്‍പ് രാഹുല്‍ഗാന്ധിയെയും ശിവസേന പുകഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍രെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കിഴക്കന്‍ യു.പി. അതേസമയം, 2014ലെ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.
