ന്യജെന്‍ പ്രചരണം

മലപ്പുറം: തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ ന്യജെന്‍ ആണ്. പണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പ്രചരണ ഭാഗമായുള്ള ചുമരെഴുത്ത്, പോസ്റ്ററൊട്ടിക്കല്‍ എന്നിവയെല്ലാം നടത്തിയ കാലമായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയ്ക്കാണ് പ്രാധാന്യം. ആം ആദ്മി പാര്‍ട്ടി ഒരു ജനക്കൂട്ടത്തെയുണ്ടാക്കാന്‍ ഫേസ് ബുക്ക് പ്രചരണം ഉപയോഗിച്ച് വിജയിച്ച കാലമാണ്. അപ്പോള്‍ നമ്മുടെ സ്ഥാനാര്‍ഥികളും ഇതേ വഴി ആദ്യം ഉപയോഗിക്കാന്‍ തുടങ്ങി. കാലം മാറിയപ്പോള്‍ ഇതൊക്കെ ചെയ്യാന്‍ പബ്ലിക് റിലേഷന്‍ വര്‍ക്ക്, ഏജന്‍സി തുടങ്ങിയ ഓമനപേരില്‍ ആളുകളെത്തി. സ്ഥാനാര്‍ഥിയാവുന്നയാളെ ബൂസ്റ്റ് ചെയ്ത് ദൃശ്യ-പത്രമാധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കുക, തെരഞ്ഞെടുപ്പ് പ്രചരണം നടത്തുക, മണ്ഡലങ്ങളില്‍ ഏതു സ്ഥാനാര്‍ഥിയെയാണ് വോട്ടര്‍മാര്‍ ഇഷ്ടപ്പെടുക ഇതെല്ലാം ഇന്ന് ഏജന്‍സികള്‍ക്കറിയാം. നിലവിലെ സ്ഥാനാര്‍ഥിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, പുതിയ സ്ഥാനാര്‍ഥിയാണെങ്കില്‍ അയാളുടെ ഗുണകണങ്ങള്‍ എല്ലാം ഇവര്‍ ചെയ്‌തോളും. ഒരു കേന്ദ്രത്തില്‍ ഇരുന്ന് വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവിയിലൂടെ തങ്ങളുടെ ഉത്തരവാദിത്വുവും ഇവര്‍ പൂര്‍ത്തിയാക്കും. ന്യൂജനറേഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആദ്യം സ്വീകരിച്ചത് വലതു പാര്‍ട്ടികളായിരുന്നു. എന്നാല്‍ ഇന്ന് ഇടതു പക്ഷവും ഇതു പിന്തുടരുന്നു. യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിന് മുമ്പ് മണ്ഡലം സര്‍വേ നടത്താന്‍ വരെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇടതു പാര്‍ട്ടികളും ഇപ്പോള്‍ ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശബ്ദം കേള്‍പ്പിക്കുന്നതിലേക്ക് കാലമെത്തി.

പണ്ടൊക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തന്റെ ഭാഗമായിരുന്നു. പുതുപുത്തന്‍ കാലത്തിന്ന് ചുമരെഴുത്തുകളും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ ഒട്ടിക്കലും പ്രൊഫഷണല്‍ എജന്‍സികളുടെ ജോലികളാണ് .രാഷ്ട്രീയപ്രവര്‍ത്തകരിന്ന്  ഇതെല്ലാം സൂപ്പര്‍വൈസ് ചെയ്യുന്ന ജോലി മാത്രം. പ്രധാന രാഷ്ട്രിയ പാര്‍ട്ടികളെല്ലാം ചുമരെഴുത്തിന് ഫഌക്‌സുകള്‍ സ്ഥാപിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും വിവിധ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. ഇതിനായി കോണ്‍ട്രാക്ട് എടുക്കാന്‍ വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് സജീവമാണ് . ബാനര്‍ കെട്ടുന്നത് പോലും രാഷ്ട്രിയ പ്രവര്‍ത്തനമായിരുന്ന കാലം അന്യം നിന്നു .അതെല്ലാം പ്രൊഫഷണലായി . ദിവസക്കൂലിക്ക് ചുമരെഴുത്തും   പോസ്റ്റര്‍ ഒട്ടിക്കലും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും കുറവല്ല .

പണ്ട് ഇതൊക്കെ രാഷ്ട്രിയത്തിന്റെയും ആദര്‍ശത്തിന്റെയും ഭാഗമായാണ് പ്രവര്‍ത്തകര്‍ ചെയ്തിരുന്നത് .”  യുവ കാലത്ത് ബാനര്‍ കെട്ടിയും തെങ്ങോലയില്‍ ബ്രഷ് ഉപയോഗിച്ച് സന്ദേശം എഴുതിയും പാതിരാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ചുമാണ്  തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറയുന്നു .

പുതിയ ടെക്‌നോളജി വന്നതോടെ ചുമരെഴുത്തുകള്‍ കുറഞ്ഞെങ്കിലും പ്രചരണ പ്രവര്‍ത്തനങ്ങളെല്ലാം പ്രൊഫഷണലായി മാറി എന്ന് മാത്രം . സോഷ്യല്‍ മീഡിയകളില്‍ വിവിധ പോസ്റ്ററുകള്‍ ഉണ്ടാകുന്നതില്‍ മിടുക്കന്മാരാണ് ന്യൂ ജെന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ .പുതുതലമുറയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഫഌക്‌സ് ബോര്‍ഡുകള്‍ സ്വന്തം നിലക്ക് സ്ഥാപിക്കാനും തയ്യറാകുന്നില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം എം ഹസന്‍ പറയുന്നു . എല്ലാവരും തിരക്കുള്ള ജോലിക്കാരാണ് .അപ്പോള്‍ പിന്നെ പ്രചരണപ്രവര്‍ത്തനങ്ങളെല്ലാം പ്രൊഫഷണല്‍ സംഘങ്ങള്‍ക്ക് കൈമാറി .

ഗ്രാമങ്ങളിലും ചില പ്രദേശങ്ങളിലും ഇന്നും ചുമരെഴുത്തുകള്‍ നടത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും പൂര്‍ണ്ണമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ . രാത്രിയില്‍ ഉറക്കമൊഴിച്ച് പൊന്നാനിയില്‍ ഇതിനകം സി പി എം പ്രവര്‍ത്തകര്‍ തന്നെ ചുമരെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു . തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും പ്രചരണ പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷണല്‍ സംഘങ്ങളാണ് നടത്തുന്നതെന്ന് എം എല്‍ എ കൂടിയായ സി പി എം നേതാവ് പി ശ്രീരാമകൃഷ്ണന്‍ പറയുന്നു .ഒരു നല്ല നേതാവ് സോഷ്യല്‍ മീഡിയയില്‍ ആക്ടിവ് ആയിരക്കണമെന്നാണ്  പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ സ്വീകരിക്കുന്ന നിലപാട് .മിസ്സ് കോളടിച്ചാല്‍ നേതാക്കന്മാര്‍ ഇങ്ങോട്ട് വിളക്കുന്ന സി പി എം നേതാക്കന്മാരും, സോഷ്യല്‍ മീഡിയയില്‍ ചാറ്റിങ്ങിന് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രിയും പുതിയ മാറ്റങ്ങളുടെ രൂപമാണ് .

പക്ഷെ പഴയ പല രാഷ്ട്രിയനേതാക്കന്മാര്‍ ഇപ്പോഴും വിശ്വസിക്കുന്നത് രാഷ്ട്രിയ പ്രവര്‍ത്തനമെന്നാല്‍ സ്വന്തം നിലക്ക് ചുമരെഴുത്തും ബാനര്‍ കെട്ടലും പോസ്റ്റര്‍ ഒട്ടിക്കലും ആണെന്നാണ് . പ്രചരണങ്ങളുടെ സൂപ്പര്‍ വൈസര്‍മാരായി മാറിയ രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എല്ലാ ജോലിയും പ്രൊഷണലായി ചെയ്യാന്‍ തയ്യാറുള്ള പുതിയ ഏജന്‍സികള്‍ വ്യാപകമായത് അനുഗ്രഹമായി.

Leave a Reply

Your email address will not be published. Required fields are marked *