ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്നു ഇപ്പോള്‍ പറയാനാകില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജന്‍ . മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും എസ് പി പറഞ്ഞു. മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ കൊച്ചി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധന ഫലവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നു.
അതേ സമയം നടന്‍ കലാഭവന്‍ മണിയുടെ തറവാട്ടു പറമ്പില്‍ നിന്ന് കണ്ടെടുത്ത ക്ലോര്‍പൈറിഫോസ് കീടനാശിനി വാങ്ങിയവരെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. ചാലക്കുടിയിലെ നാലു കടകളില്‍ കീടനാശിനി വില്‍ക്കുന്നതായി കണ്ടെത്തി. സമീപ ദിവസങ്ങളില്‍ കീടനാശിനി വാങ്ങിയവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ താമസിക്കുന്ന തറവാട്ടു പറമ്പില്‍ നിന്നുമാണ് കീടനാശിയുടെ ടിന്നുകള്‍ കണ്ടെത്തിയത്. മണിയുടെ ഔട്ട് ഹൗസായ പാടിയിലെ സെപ്ടിക് ടാങ്കില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ കീടനാശിനികുപ്പിയും ഉണ്ടെന്ന് സൂചനയുണ്ട്. രാസവസ്തു മിശ്രിതം അടങ്ങിയ കുപ്പിയാണ് കണ്ടെത്തിയതെന്നും കീടനാശിനിയാണോ ഇതിലുളളതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.
നടന്‍ കലാഭവന്‍ മണി മരിച്ചത് വിഷം ഉളളില്‍ച്ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കലാഭവന്‍ മണി മരിച്ചത് ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ കൊച്ചിയിലെ രാസപരിശോധനാ ലാബില്‍ നിന്നുളള പരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
