കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയബന്ധമുള്ള പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ തുടങ്ങി. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡാണ് ഇവ നീക്കുന്നത്. പരസ്യ സാമഗ്രികള്‍ മാറ്റുന്നതിന് കളക്ടര്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് സ്‌ക്വാഡ് രംഗത്തിറങ്ങിയത്. തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഇന്നലെ ജില്ലാതല സ്‌ക്വാഡ് പര്യടനം നടത്തി. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ രംഗത്തിറങ്ങുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകളും രംഗത്തുണ്ട്. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വളപ്പിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുളള രാഷ്ട്രീയ ബന്ധമുള്ള പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരും. സര്‍വീസ് സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ സാമഗ്രികള്‍ക്കും ഇതു ബാധകമാണ്. ഇവ നീക്കം ചെയ്യാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കും. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പൊതുസ്ഥലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുള്ളതോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമുള്ളതോ ആയ ഫഌ്‌സുകളും ബാനറുകളും ചുവരെഴുത്തുകളും നിരവധി അറിയിപ്പുകള്‍ക്കു ശേഷവും നീക്കം ചെയ്യാത്തത് ഗൗരവമായി കാണും. ഫഌ്‌സുകളും ബാനറുകളും നീക്കം ചെയ്തുവെന്ന് ഉറപ്പാക്കേണ്ടത് അതത് സെക്രട്ടറിമാരുടെ ചുമതലയാണ്. ഇത്തരത്തില്‍ പരസ്യബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
