അമരാവതി: റഫാല്‍ കരാറില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. “59,000 കോടി രൂപയുടെ കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്നതിെന്റ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ബി.ജെ.പിയുടെ വിനാശകരമായ തീരമാനങ്ങളുടെ ആഴം വ്യക്തമാകുന്നതാണ് റിപ്പോര്‍ട്ട്. മോദിജീ, രാജ്യത്തെ നിങ്ങള്‍ ചതിക്കുന്നുവെന്ന സത്യം ദീര്‍ഘകാലം മറച്ചുവെക്കാന്‍ സാധിക്കില്ല”. – ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.
റഫാല്‍ ഇടപാടില്‍ സമാന്തര ചര്‍ച്ച നടത്തിയും റഫാല്‍ കരാറില്‍ ചര്‍ച്ച കൂടാതെയും അന്തിമ തീരുമാനം എടുക്കുന്നതിന് പ്രധാനമന്ത്രിയുടെ ഒാഫീസ് പ്രതിരോധ മന്ത്രാലയത്തെ നിര്‍ബന്ധിപ്പിച്ചു. പി.എം.ഒ സമാന്തര ചര്‍ച്ച നടത്തി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തെ അവമതിച്ചു. ഇൗ വെളിപ്പെടുത്തലുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. സമാന്തര ചര്‍ച്ച എന്നതിനര്‍ഥം ബി.ജെ.പി സര്‍ക്കാറിന് അവരില്‍ തന്നെയുള്ള വിശ്വാസം നഷ്ടമായി എന്നതാണെന്നും നായിഡു പറഞ്ഞു.
റഫാലുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് കരാറുമായി ബന്ധപ്പെട്ട ദുരൂഹതകളാണ്. അത് മാറാന്‍ സ്വതന്ത്ര അന്വേഷണം വേണം. സ്വതന്ത്ര അന്വേഷണം നടന്നാല്‍ ബി.ജെ.പി സര്‍ക്കാറിന് ഗുണകരമാകുന്ന തരത്തില്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
