ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന ഗുരുത ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
കരാറിന് 10 ദിവസം മുമ്ബ് റിലയന്‍സ് ഡിഫന്‍സ് കമ്ബനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തന്റെ കമ്ബനി കൂടി ഉള്‍പ്പെടുന്ന ധാരണാപത്രം പ്രധാനമന്ത്രി ഒപ്പിടുമെന്ന് അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രധിരോധമന്ത്രിക്കു പോലും കരാറിനെക്കുറിച്ച് അറിവില്ലാതെ ഇരിക്കുമ്ബോഴാണ് അംബാനി വിവരം അറിഞ്ഞതെന്നും ചര്‍ച്ച നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രിയാണ് അംബാനിക്ക് വിവരം ചോര്‍ത്തി നല്‍കിയത്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
