പത്തനംതിട്ട:ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പത്തനംതിട്ടയിലെത്തുന്നു. നാല് ലോക്സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗിയുടെ വരവ് ആവേശത്തോടെയാണു നേതൃത്വം കാണുന്നത്.
ബിജെപിയിലെ തീവ്രനിലപാടുള്ള നേതാവായ യോഗി, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്തു പറയുമെന്ന ആകാംക്ഷയും രാഷ്ട്രീയ കേരളത്തിനുണ്ട്. സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളെ നാലു വീതമുള്ള അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണു ബിജെപിയുടെ നീക്കം. ശബരിമല വിഷയം കത്തിനിന്ന പത്തനംതിട്ട ജില്ലയിലേക്കു യോഗിയെ എത്തിച്ച് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗം ഉച്ചയ്ക്കു രണ്ടരയോടെ കുമ്ബഴയില്‍ നടക്കും. ഇവരുമായി സംസാരിച്ചശേഷം ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പ്രസംഗിക്കും. കുമ്ബഴയിലെ യോഗത്തില്‍ 1200 പേരും, ജില്ലാ സ്റ്റേഡിയത്തിലെ പരിപാടിയില്‍ 25,000 പേരും പങ്കെടുക്കുമെന്നു നേതൃത്വം അറിയിച്ചു.
