വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. അച്ചടക്ക ലംഘനം നടത്തിയാല്‍ സന്യാസി സമൂഹത്തില്‍ നിന്ന് പുറക്കാക്കുമെന്ന മുന്നറിയിപ്പോടെയാണ് സഭ നോട്ടീസ് നല്‍കിയത്.
കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണെന്നും. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സഭയ്ക്ക് അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. രാത്രികാലങ്ങളില്‍ വൈകി മുറിയിലെത്തുന്നത് സിസ്റ്റര്‍ ശീലമാക്കിയെന്നും ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു.
അനുമതി ഇല്ലാതെ വനിത ജേര്‍ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചുവെന്നുമാണ് സഭയുടെ ആരോപണം. മുന്‍ വിശദീകരണങ്ങളില്‍ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നല്‍കിയതെന്നും കത്തില്‍ പറയുന്നു. മൂന്നാം തവണയാണ് സിസ്റ്റര്‍ ലൂസിക്ക് സഭ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നത്. മുന്‍പത്തെ നോട്ടീസിന് സിസ്റ്റര്‍ ലൂസി നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. മാര്‍ച്ച് പത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്നുമാണ് പുതിയ നോട്ടീസില്‍ പറയുന്നത്.
അതേസമയം, ഇത്തവണ ലഭിച്ച നോട്ടീസില്‍ കുറ്റങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും നേരത്തെ നല്‍കിയ വിശദീകരണത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. താന്‍ ഇപ്പോഴും നല്ലരീതിയിലാണ് ജീവിക്കുന്നതെന്നും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി നല്‍കാനാകില്ലെന്നും സന്യാസിനി സഭയില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
