കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുല്‍വാമയില്‍ ആക്രമണം നടന്നത് സംശയാസ്പദമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കുകയാണ്. നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. കാഷ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുതെന്നും അവര്‍ പറഞ്ഞു. മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അത് സത്യമല്ല. ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസമായി താന്‍ മൗനം പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ ആക്രമണത്തില്‍ സംശയമുണ്ടെന്നും എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും മമത ചോദിച്ചു.
