കാസര്‍ഗോഡ് സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍ഗോഡ് സംഭവം അത്യന്തം അപലപനീയമാണ്. അത്തരമൊരു സംഭവത്തെ നാടും നാട്ടില്‍ ആരും അംഗീകരിക്കില്ല. എല്ലാവരും തള്ളിപ്പറഞ്ഞ ഒന്നാണത്. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ്. അത് ചെയ്യുമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഒരുപാട് അക്രമങ്ങള്‍ നേരിട്ടിട്ടുള്ള പാര്‍ട്ടിയാണ്. സിപിഎം എല്ലാ കാലത്തും ആശ്രയിക്കുന്നത് ജനങ്ങളെയാണ്. ജനം എതിരാകുന്ന ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല. കാസര്‍ഗോഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ നിയമ നടപടി മാത്രമല്ല പാര്‍ട്ടി നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *