ഭോപ്പാല്‍: 15 വര്‍ഷം തുടര്‍ച്ചയായി ബി.ജെ.പി ഭരിച്ച ഉരുക്കുകോട്ടയായിരുന്നു മദ്ധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടിവന്നു. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കോണ്‍ഗ്രസ് മദ്ധ്യപ്രദേശില്‍ നേടിയെടുത്തത്. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ബി.ജെ.പി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ ചെയ്താണ് ബി.ജെ.പിയെ കോണ്‍ഗ്രസ് ഞെട്ടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഓഫര്‍ സ്വീകരിച്ച മുന്‍ മുഖ്യന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചെന്നാണ് വിവരം. ഇത് ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബാബുലാല്‍ ഗൗറാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ബി.ജെ.പിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഗൗര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗൗര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി തഴയുകയാണെന്ന് ബാബുലാല്‍ ഗൗര്‍ ആരോപണം. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയോട് പോലും ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിലും ബാബുലാല്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ നേതാക്കളുടെ കൂട് വിട്ട് കൂടുമാറ്റമാണ് മദ്ധ്യപ്രദേശില്‍ ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. നേരത്തേ ശിവരാജ് സിംഗ് മന്ത്രിസഭയിലെ അംഗമായിരുന്നു രാമകൃഷ്ണ കുഷ്മാരിയ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. 76 വയസ്സുകാരനായ കുഷ്മാരിയ അഞ്ച് തവണ ലോക്സഭാംഗവും മൂന്ന് തവണ പാര്‍ട്ടി എം.എല്‍.എയുമായിരുന്നു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുഷ്മാരിയക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതോടയാണ് അദ്ദേഹം ബി.ജെ.പിയോട് ഇടയുന്നത്.
