ന്യൂഡല്‍ഹി: ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് ജെയ്ഷ ഇ മുഹമ്മദിന്റെ ഉന്നതനേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍നിന്നും നേതാക്കളെ മാറ്റിയെന്നാണ് വിവരം.
പഞ്ചാബില്‍നിന്നും നീങ്ങിയതായി ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് അബ്ദുള്‍ റൂഫ് പറഞ്ഞു. മസൂദ് അസ്ഹറും ജെയ്ഷ ഇ ക്യാമ്ബില്‍നിന്നും മാറിയതായാണ് സൂചന. ബഹവാല്‍പുരിലെ ക്യാമ്ബില്‍നിന്നും മസൂദ് അസ്ഹര്‍ മറ്റൊരു സുരക്ഷിത താവളത്തിലേക്കാണ് മാറിയിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളില്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ച് വിമാനങ്ങള്‍ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
