കൊല്ലം: കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച് കൊന്ന സംഭവത്തില്‍ പ്രതിയായ വിനീതിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ജയില്‍ ഡി.ജി.പിയാണ് വിനീതിനെ സസ്പെന്റ് ചെയ്തത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, പൊലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന് രംഗത്തെത്തി. മകന് മര്‍ദ്ദനമേറ്റെന്ന പരാതി ഒത്തു തീര്‍ക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിച്ചുവെന്ന് രഞ്ജിത്തിന്റെ അച്ഛന് രാധാകൃഷ്ണന് വ്യക്തമാക്കി.
ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിലാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ രഞ്ജിത്തിന്റെ കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രഞ്ജിത്തിന്റെ കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംഘം ആള്ക്കാര് വീട്ടിലെത്തി ആക്രമണം നടത്തിയ വിവരം പൊലീസില്‍ അറിയിച്ചിട്ടും അന്വേഷണത്തിന് തയ്യാറായില്ലെന്ന് രാധാകൃഷ്ണന് വ്യക്തമാക്കി.
വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ(18) ആക്രമി സംഘം വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പ്രതി വിനീതിന്റെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.
മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്തിനെ തിരവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രഞ്ജിത്ത് തലയ്ക്ക് അടിയേറ്റുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
