അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പൂഞ്ചില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍, ഒമ്ബതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്.

പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പലതവണയായാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മെന്ദര്‍, ബാലാക്കോട്ട്, കൃഷ്ണഗാട്ടി മേഖലകളില്‍ പാകിസ്ഥാന്‍ നേരത്തെ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ചിരുന്നു.

അതേസമയം,​ കുപ് വാരയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍, രണ്ട് പൊലീസുകാര്‍, ഒരു സിവിലിയന്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോര്‍ട്ടാറും ഹൊവിറ്റ്‌സര്‍ പീരങ്കി ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *