ജുവൈരിയ വധക്കേസ്; സഹോദരിയുടെ ഭര്‍ത്താവായ അബ്ദുറഹിമാന് ജീവപര്യന്തം

മലപ്പുറം: മലപ്പുറം എടയൂരിലെ ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബ്ദുറഹിമാന്‍റെ ഭാര്യയുടെ സഹോദരിയായ ജുവൈരിയയെ തോട്ടിലെ വെള്ളത്തില്‍ മുക്കി കൊന്നെന്നാണ് കേസ്. 2015 ആഗസ്റ്റ് ആറിനായിരുന്നു കൊലപാതകം.

പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നും പ്രതി ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. പാലത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടിയെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിത്താഴ്ത്തി എന്നുള്ളതാണ് കേസ്.

തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ ജുവൈരിയുടെ വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കിക്കളഞ്ഞെന്നും പെണ്‍കുട്ടിയുടെ ഫോണും രണ്ട് സ്വര്‍ണവളകളും കവര്‍ന്നുവെന്നും കേസ് ഉണ്ട്. പ്രതി ജുവൈരിയയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിക്ക് അബ്ദുറഹിമാനെ സംശയമുണ്ടായിരുന്നുവെന്നതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.

ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അബ്ദുറഹിമാനെ വിചാരണക്കൊടുവില്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *