തിരുവനന്തപുരം: പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃപ്‌തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിള്ള. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും, എന്നാല്‍ എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
‘ബി.ജെ.പി ഒരിക്കലും നിയമം ലംഘിക്കില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള അവകാശം ബി.ജെ.പിക്കുണ്ട്. എന്നാല്‍ മതവികാരമുണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നത് വ്യക്തമായി. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ലക്ഷ്‌മണ രേഖ എന്തെന്ന് നന്നായി അറിയാവുന്നവരാണ്. മുഖ്യമന്ത്രി ഇന്നലെ ബാബറി മസ്‌ജിദിനെ കുറിച്ച് പരാമര്‍ശിച്ചു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്, എതിര്‍ക്കാന്‍ ഞങ്ങള്‍ക്കും. സര്‍ക്കാരിന്റെ നിലപാടിനെ ബി.ജെ.പി നിശിതമായി വിമര്‍ശിക്കുക തന്നെ ചെയ്യും’- ശ്രീധരന്‍ പിള്ള പറഞ്ഞു.
