വയനാട്: വൈത്തിരിയില്‍ ചിതറിയ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റ് ഭീകരര്‍. വയനാട് തലപ്പുഴ മക്കിമലയില്‍ എത്തിയ ഭീകരസംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണ് പരാമര്‍ശം. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മരണത്തിന് പകരം വീട്ടുമെന്നാണ് മുന്നറിയിപ്പ്. മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബുള്ളറ്റിനില്‍ പറയുന്നു.
സിപിഎം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ലഘുലേഖ വിശദമാക്കുന്നു. കൊലപാതകത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. ചെറിയൊരു തീപ്പൊരി വലിയൊരു കാട്ടുതീയായി മാറും. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ലഘുലേഖ വിശദമാക്കുന്നു.
ഇന്നലെ രാത്രിയാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ ആയുധധാരികള്‍ ഇവിടെ എത്തിയത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ശേഷം ലഘുലേഖകളും ഇവര്‍ ഇവിടെ വിതരണം ചെയ്തു. സ്ഥലത്തെ പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
