അയോധ്യയെ പിടിച്ച്‌ കുലുക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ മെഗാറാലി, മോദിക്കെതിരെ മത്സരിക്കാനും ആലോചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷന്‍ റാലിയില്‍ പങ്കെടുക്കുമെന്നും പൊതുയോഗത്തില്‍ സംസാരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, റാലിക്ക് മുന്നോടിയായി അയോധ്യയില്‍ പ്രിയങ്കയെ രാമ ഭക്തയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൗതുകമായി. രാമന്റെ ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് അയോധ്യയില്‍ വ്യാപകമായി കാണപ്പെട്ടത്. അതേസമയം, രാമന്റെ ജന്മം തന്നെ ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് രാമന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി മുഹ്സിന്‍ റാസ ചോദിച്ചു.

അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന് പ്രിയങ്ക ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേപ്പറ്റിയുള്ള ചോദ്യത്തിന് നിങ്ങള്‍ക്കെല്ലാം ആകാമെങ്കില്‍ ഞാന്‍ മത്സരിച്ചാല്‍ എന്താണെന്നാണ് പ്രിയങ്ക തിരിച്ച്‌ ചോദിച്ചത്. മത്സരിക്കുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് വിവരം. എന്നാല്‍ തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നുമാണ് പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *