ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അഴിമതിക്കാരെ തടവിലാക്കുമെന്നാണ് ബിജെപി പറഞ്ഞതെന്നും വദ്ര അഴിമതിക്കാരനാണെന്നും അമിത് ഷാ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ടിവി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഴിമതിക്കാരെ ജയിലിലട്ക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. റോബര്‍ട്ട് വദ്ര വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും ഞങ്ങള്‍ പറഞ്ഞു. ഈ രണ്ടു പരാമര്‍ശങ്ങളും ഒന്നിച്ചു വായിക്കരുത്- അഞ്ചു വര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാരിന് എന്തുകൊണ്ടാണ് വദ്രയെ തടവിലാക്കാന്‍ കഴിയാതിരുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അമിത് ഷാ എറഞ്ഞു.
അതേസമയം, അമിത് ഷായുടെ പരാമര്‍ശം സംബന്ധിച്ച് ടിവി പരിപാടിക്കെത്തിയ കാഴ്ചക്കാരില്‍ ആശയക്കുഴപ്പം ഉടലെടുത്തു. വദ്ര അഴിമതിക്കാരനാണെന്നു പറഞ്ഞതിനൊപ്പം തന്നെയാണ് വദ്രയെ ജയിലാക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഷാ വിശദീകരിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര. ഇദ്ദേഹത്തിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള്‍ തുടരുകയാണ്.
