ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ഇത്തവണ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കരുത്തു പകരുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യേഷന്‍ അമിത് ഷാ. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകള്‍ അധികം നേടുമെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ 23 സീറ്റിലധികവും ഒഡിഷയില്‍ 13 മുതല്‍ 15 സീറ്റുകള്‍ വരെയും നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ (കഴിഞ്ഞ തവണ ബംഗാളില്‍ രണ്ടും, ഒഡിഷയില്‍ ഒരു സീറ്റുമാണ് ബി.ജെ.പിക്കു ലഭിച്ചത്). പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ മിന്നലാക്രമണത്തിനു ശേഷം രാജ്യസുരക്ഷാ വിഷയം ഇന്ത്യയില്‍ സജീവ ചര്‍ച്ചയായി. മോദി സര്‍ക്കാരിനു കീഴില്‍ എല്ലാവര്ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് നരേന്ദ്രമോദി പരാമര്ശിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ രോഷപ്രകടനം അര്‍ത്ഥശൂന്യമാണെന്ന് പരിഹസിച്ച അമിത് ഷാ, ഭൂതകാലം മറക്കാനോ മറച്ചുവയ്ക്കാനോ കോണ്‍ഗ്രസിനു കഴിയില്ലെന്ന് ഓര്‍മ്മിപ്പിച്ചു.
