കളളവോട്ട്; 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ധര്‍മ്മടത്ത് ജനപ്രതിനിധി അടക്കം കളളവോട്ട് ചെയ്ത 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് വീണ്ടും കളക്ടര്‍ക്ക് പരാതി നല്കി. തളിപ്പറമ്ബ്, മട്ടന്നൂര്‍, ധര്‍മ്മടം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്കിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കിയത്.

പിണറായി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മുന്‍ മെമ്ബര്‍ ധര്‍മ്മടം നിയോജക മണ്ഡലത്തിലെ 162 നമ്ബര്‍ ബൂത്തിലെ വോട്ടറായ രജനി 161 നമ്ബര്‍ ബൂത്തില്‍ സരസ്വതി എന്ന് പറയുന്ന സ്ത്രീയുടെയും വോട്ട് ചെയ്തതിന്റെ തെളിവുകള്‍ അടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. രജനിക്കെതിരെയുള്ള പരാതി ഉള്‍പ്പെടെ ഇന്നലെ നല്‍കിയ പരാതിയില്‍ സമാന രീതിയിലുള്ള 42 പേര്‍ക്കെതിരെയുള്ള പരാതികള്‍ നല്‍കിയിട്ടുള്ളത്.

കൂടാതെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി ഒന്നിലധികം ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചു സൂക്ഷിച്ചു വരുന്ന ആറ് സ്ത്രീകള്‍ക്കെതിരെയും പരാതി നല്കിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന സ്ത്രീകള്‍ ഒന്നിലധികം ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍ കൈവശം വയ്ക്കുകയും അത് ദുരുപയോഗം ചെയ്യുകയും അത് ഉപയോഗിച്ച്‌ ഇവര്‍ ആറുപേരും രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തു എന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഒന്നിലധികം ഐ.ഡി കാര്‍ഡുകള്‍ സംഘടിപ്പിച്ചു എന്നുള്ള ക്രിമിനല്‍ കുറ്റം കൂടി ചുമത്തും.

പേരാവൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ വോട്ടുള്ളയാള്‍ കണ്ണൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ വോട്ടുള്ള വ്യക്തി അഴീക്കോട് നിയോജക മണ്ഡലത്തിലും ഇരട്ടവോട്ട് ചെയ്ത അഞ്ച് പേരുടെ വിവരങ്ങളും പരാതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ 18 വയസ്സ് പൂര്‍ത്തിയാവാതെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും അതുപ്രകാരം വോട്ടു ചെയ്യുകയും ചെയ്തു എന്നതിന് കൃഷ്ണപ്രിയ എന്ന വിദ്യാര്‍ത്ഥിയെ വോട്ട് ചെയ്യിച്ചതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *