പൊന്നാനി: അവ്യക്തതകള്‍ക്കും സംശയങ്ങള്‍ക്കുമൊടുവില്‍ പി.ടി.അജയ്‌മോഹന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുമതിയായതോടെ പൊന്നാനിയില്‍ 2011 ലേതിന് സമാനമായ നേര്‍ക്കുനേര്‍ പോരാട്ടം.
കടുത്ത മത്സരം പ്രതീക്ഷിക്കുന്ന പൊന്നാനിയില്‍ എല്‍.ഡി.എഫ്, എന്‍.ഡി.എ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2011ലെ മത്സരത്തിന് സമാനമായി പി.ടി.അജയ്‌മോഹനും പി. ശ്രീരാമകൃഷ്ണനുമായിരിക്കും നേര്‍ക്കുനേര്‍ മത്സരിക്കുക. എന്‍.ഡി.എ അടക്കം മറ്റു പാര്‍ട്ടികള്‍ കടുത്ത ഭീഷണി സൃഷ്ടിക്കുന്നത് പോരാട്ടത്തിന്റെ തീവ്രത കടുത്തതാക്കും.
പൊന്നാനിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഹൈക്കമാന്റിന് മുന്നിലെത്തിയ ലിസ്റ്റില്‍ മൂന്ന് പേരുകള്‍ സ്ഥാനം പിടിച്ചതാണ് അവ്യക്തതകള്‍ക്കിടയാക്കിയത്.തുടര്‍ച്ചയായി രണ്ടു തവണ എല്‍.ഡി.എഫ് വിജയിച്ച പൊന്നാനി തിരിച്ചുപിടിക്കാന്‍ പി.ടി.അജയ്‌മോഹനാണ് കൂടുതല്‍ അനുയോജ്യനെന്ന വിലയിരുത്തലാണ് മറ്റു രണ്ടു പേരുകള്‍ തള്ളാന്‍ ഇടയാക്കിയത്. ജയിക്കേണ്ടത് പി.ടി.അജയ്‌മോഹനും നിര്‍ണ്ണായകമാണ്. ഹാട്രിക്ക് വിജയമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ശ്രീരാമകൃഷ്ണന്റെ ജനകീയതയും മുതല്‍ക്കൂട്ടാകുമെന്നാണ് എല്‍.ഡി.എഫ്‌കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
എല്‍.ഡി.എഫും, എന്‍.ഡി.എയും പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.സുരേന്ദ്രന്റെ പരിചയസമ്പന്നത ഇരുമുന്നണികള്‍ക്കു മുന്നിലും ആശങ്കയുടെ നിഴല്‍ തീര്‍ക്കുന്നുണ്ട്. പൊന്നാനിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ബി.ജെ.പി ഇത്തവണ ലക്ഷ്യമിടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പിയും കരുത്തു തെളിയിക്കുവാന്‍ മത്സരരംഗത്തുണ്ട്.
2011 ലെ തിരഞ്ഞെടുപ്പില്‍ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ശ്രീരാമകൃഷ്ണന്‍ വിജയിച്ചതെങ്കിലും തുടര്‍ന്നു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊന്നാനിയിലെ ഇടതു ഭൂരിപക്ഷം എണ്ണായിരത്തിനു മേലെയാണ്. ഈയൊരു മാര്‍ജിനാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പു വിജയത്തിന്റെ കടമ്പയായി മുന്നില്‍വയ്ക്കുന്നത്.
2011 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഇരുമുന്നണികളും ഇത്തവണ കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പി.ശ്രീരാമകൃഷ്ണന്‍ സാദ്ധ്യമാക്കിയ ജനകീയതയാണ് എല്‍.ഡി.എഫ് അനുകൂല ഘടകമായി കാണുന്ന പ്രധാന കാര്യം. പൊന്നാനിയിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് പൊതുതിരഞ്ഞെടുപ്പുകളെ അവലംബമാക്കി ഇടതുമുന്നണി കണക്കുകൂട്ടുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരം പരിധിവിടില്ലെന്ന പ്രത്യാശയാണ് യു.ഡി.എഫ്‌കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷ. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സാധിച്ചിട്ടുണ്ടെന്നതും യു.ഡി.എഫ് മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നു. ഇടതുമുന്നണിക്കകത്തെ അസ്വാരസ്യങ്ങളും കഴിഞ്ഞ തവണ ഇടതിന് പിന്തുണ നല്‍കിയവര്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിക്കുന്നതും യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളെ ബലപ്പെടുത്തുന്നു.
എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കുന്ന ബി.ജെ.പി ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ കണക്കുകൂട്ടുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 5600 ല്‍പരം വോട്ടുകളാണ് ബി.ജെ.പി നേടിയതെങ്കില്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് നില മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ വോട്ട് പൊന്നാനിയില്‍ നേടിയത്. 15600 വോട്ടാണ് അന്ന് ബി.ജെ.പിക്ക് ലഭിച്ചത്.
ബി.ജെ.പി വോട്ടുകളില്‍ ചലനങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ പൊന്നാനിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഇത്തവണ നേടിയേക്കും. ബി.ഡി.ജെ.എസുമായുളള ബന്ധവും ഗുണം ചെയ്യും.
രാഷ്ട്രീയവും വികസനവും സമംചേര്‍ത്തുകൊണ്ടുള്ള പ്രചാരണമായിരിക്കും ഇരുമുന്നണികളും കെട്ടഴിക്കുക.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പൊന്നാനിയില്‍ നടന്ന വികസനങ്ങള്‍ എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്ന ക്രമക്കേടുകളായിരിക്കും യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുക. ഇനിയുള്ള ദിവസങ്ങള്‍ വേനല്‍ച്ചൂടിനെ വെല്ലുന്ന പ്രചരണ ചൂടിനായിരിക്കും പൊന്നാനി സാക്ഷ്യം വഹിക്കുകയെന്നതില്‍ സംശയമില്ല.
