കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു. നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുവൈറ്റിലേക്ക് വരുന്നതിനു മുന്നോടിയായി നാട്ടില്‍ നടത്തുന്ന ആരോഗ്യ ക്ഷമത പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അടക്കം എത്തിയ നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. 2017 ല്‍ ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ എത്തിയ 297 പേര്‍ക്കാണു കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ 8 പേര് ഐഡ്സ് ബാധിതരും 173 പേര് ക്ഷയ ബാധിതരുമാണ്.
മന്ത്, മഞ്ഞ പിത്തം മുതലായ രോഗങ്ങള്‍ ഉള്ളവരും കൂട്ടത്തിലുണ്ട്. 2018 ല്‍ ഇത്തരം രോഗ ബാധിതരായ 433 പേരാണു രാജ്യത്ത് പ്രവേശിച്ചത്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ് ,ഫിലിപ്പീന്‍സ് , പാകിസ്ഥാന് മുതലായ രാജ്യങ്ങളില്‍ നിന്നുള്ളവരാണു ഭൂരി ഭാഗവും.
