ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വജ്രവ്യവസായി നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏതുജയിലില് പാര്‍പ്പിക്കുമെന്ന ചോദ്യവുമായി ഇന്ത്യയോട് ബ്രിട്ടീഷ് കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്നും നീരവിനെ വിട്ടുനല്‍കാനാവശ്യപ്പെട്ട് ഇന്ത്യനല്കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ജഡ്ജി എമ്മ ആര്‍ബുത്നോട്ട് ജൂണ്‍ 27 വരെ നീട്ടി. ജൂണ്‍ 29-ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടിയ കേസില്‍ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ തടവിലാണ്. വായ്പതട്ടിച്ച് ബ്രിട്ടനിലേക്കുകടന്ന വിജയ് മല്യയെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെന്നായിരുന്നു ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നത്.
വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് 2018-ല്‍ വിധി പറഞ്ഞതും ആര്ബുത്നോട്ടായിരുന്നു. മല്യക്കേസില് ആര്‍തര്‍ റോഡ് ജയിലിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മറ്റേതെങ്കിലും ജയിലിലാണ് നീരവിനെ പാര്‍പ്പിക്കാന്‍ ലക്ഷ്യമെങ്കില്‍ കോടതി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ജയിലില്‍ മനുഷ്യാവകാശച്ചട്ടങ്ങള് പാലിക്കുന്നുണ്ടോയെന്ന് നേരിട്ട് പരിശോധിക്കണമെന്നും നീരവിന്റെ അഭിഭാഷക ക്ലെയര്‍ മോണ്ട്ഗോമെറി അഭിപ്രായപ്പെട്ടു.
